തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടികളിൽ പൊതുജനങ്ങളിൽ നിന്നടക്കം കറുത്ത മാസ്‌ക് നീക്കം ചെയ്‌ത സംഭവത്തിൽ നാല് ജില്ലാ എസ്‌പിമാരോട് വിശദീകരണം തേടി ഡിജിപി അനിൽകാന്ത്. കണ്ണൂർ, കോഴിക്കോട്, കോട്ടയം, തൃശൂർ എന്നീ ജില്ലകളിലെ എസ്‌പിമാരോടാണ് വിശദീകരണം തേടിയത്. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം വ്യാപകമായി ഉയർന്നതോടെ ഇന്നലെയാണ് കറുത്ത മാസ്‌കിനുള്ള അപ്രഖ്യാപിത നിരോധനം പോലീസ് പിൻവലിച്ചത്.
സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷ് അടക്കമുള്ള പ്രതികളുടെ വെളിപ്പെടുത്തലിനെ തുടർന്ന് വലിയ വിവാദമുണ്ടാകുകയും, പ്രതിപക്ഷം പ്രതിഷേധവുമായി തെരുവിലിറങ്ങുകയും ചെയ്‌ത പശ്‌ചാത്തലത്തിൽ കറുത്ത മാസ്‌കിനും വസ്‍ത്രത്തിനും ഞായറാഴ്‌ച മുതൽ വിവിധ പരിപാടികളിൽ പോലീസ് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയിരുന്നു.
പലരുടെയും കറുത്ത മാസ്‌ക് അഴിപ്പിച്ചു. പകരം മാസ്‌ക് നൽകി. കറുത്ത വസ്‌ത്രം ധരിച്ചവരെ പരിപാടികളിലേക്ക് കടത്തി വിട്ടില്ല. ഇതിനെല്ലാം പകരമായി കറുത്ത മാസ്‌കും വസ്‍ത്രവും ധരിച്ചെത്തിയായിരുന്നു പ്രതിപക്ഷ എംഎൽഎമാർ അടക്കമുള്ളവരുടെയും, പ്രവർത്തകരുടെയും പ്രതിഷേധം. കറുത്ത മാസ്‌കിന് വിലക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ശനിയാഴ്‌ച തന്നെ അറിയിച്ചിരുന്നു. തുടർന്ന് ഇന്നലെ കണ്ണൂരിലെ തളിപ്പറമ്പിലും മറ്റും കറുപ്പിന് വിലക്ക് ഇല്ലായിരുന്നെങ്കിലും മലപ്പുറത്ത് പോലീസ് കറുത്ത മാസ്‌ക് അഴിപ്പിച്ചിരുന്നു.
Read also: വിമാനത്തിനുള്ളിലെ പ്രതിഷേധം; മുഖ്യമന്ത്രിക്കെതിരായ വധശ്രമത്തിന് കേസെടുത്ത് പോലീസ്







































