മാണ്ഡ്യ: കര്‍ണാടകയില്‍ യുവതിയെ കാമുകന്‍ തീകൊളുത്തി കൊന്നു. മാണ്ഡ്യയിലെ നാഗമംഗലയിലാണ് സംഭവം നടന്നത്. 36കാരിയായ ഗ്രീഷ്‌മയാണ് കൊല്ലപ്പെട്ടത്. സംഭവശേഷം ഒളിവില്‍ പോയ കാമുകന്‍ ബസവരാജുവിനെ (31) പോലീസ് അറസ്‌റ്റ് ചെയ്‌തു.
വിനോദയാത്രയ്‌ക്ക് എന്ന് പറഞ്ഞ് കൊണ്ടുപോയാണ് യുവതിയെ കൊലപ്പെടുത്തിയത്. ഗ്രീഷ്‌മയെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാനായിരുന്നു കൊലപാതകമെന്ന് പോലീസ് പറയുന്നു. മാണ്ഡ്യയിലെ സ്വകാര്യ കമ്പനിയിലെ ജീവിനക്കാരനാണ് ബസവരാജു.
വിവാഹബന്ധം വേര്‍പിരിഞ്ഞ ഗ്രീഷ്‌മ ബസവരാജുവിനൊപ്പം മാണ്ഡ്യയിലെ വാടകവീട്ടിലാണ് കഴിഞ്ഞിരുന്നത്. ചാമരാജ്നഗര്‍ സ്വദേശികളായ ഇരുവരും ഒന്നര വര്‍ഷത്തോളമായി ഒരുമിച്ചായിരുന്നു താമസം. ഇതിനിടെ ബസവരാജു മറ്റൊരു വിവാഹത്തിനായി ഈ ബന്ധത്തില്‍ നിന്ന് ഒഴിവാകാന്‍ ശ്രമിച്ചെങ്കിലും ഗ്രീഷ്‌മ എതിര്‍ത്തിരുന്നു.
കഴിഞ്ഞ ദിവസം വിനോദയാത്രയ്‌ക്ക് എന്ന് പറഞ്ഞ് ഗ്രീഷ്‌മ യെ ചാമരാജ്നഗറിലേക്ക് ബസവരാജു കൂട്ടികൊണ്ടുപോയി. രാവിലെ മഹാദേശ്വര ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷം സമീപത്ത് ലോഡ്‌ജില്‍ മുറിയെടുത്ത് വിശ്രമിച്ചു. രാത്രി ഏഴരയോടെ കാഴ്‌ചകള്‍ കാണാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ മലമുകളിലേക്ക് കൊണ്ടുപോയി. പിന്നാലെ ഗ്രീഷ്‌മയുടെ പിന്നില്‍ നിന്ന് കമ്പ് കൊണ്ട് അടിച്ചുവീഴ്‌ത്തി ബാഗില്‍ കരുതിയിരുന്ന പെട്രോളൊഴിച്ചു തീ കൊളുത്തുകയായിരുന്നു.
ഗ്രീഷ്‌മയുടെ കരച്ചില്‍ കേട്ടെത്തിയ പ്രദേശവാസികള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവശേഷം ഒളിവില്‍ പോയ ബസവരാജുവിനെ മാണ്ഡ്യയിലെ സുഹൃത്തിന്റെ ഫാം ഹൗസില്‍ നിന്നാണ് പിടികൂടിയത്.
Most Read: ‘പിണറായിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസുകാര്‍ക്ക് ധാർമിക അവകാശമില്ല’; കെ സുരേന്ദ്രന്‍




































