തിരുവനന്തപുരം: സംസ്ഥാനത്ത് പ്രീപ്രൈമറി മുതൽ ഹയർ സെക്കന്ററി വരെയുള്ള പാഠ്യപദ്ധതി പരിഷ്കരണത്തിന് തുടക്കം. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് കരിക്കുലം കമ്മിറ്റി, കോർ കമ്മിറ്റി എന്നിവ സംയുക്തയോഗം ചേരുകയും, പരിഷ്കരണ രൂപരേഖ ചർച്ച ചെയ്യുകയും ചെയ്യും. പതിനഞ്ച് വർഷത്തിനുശേഷമാണ് സംസ്ഥാനത്ത് സമഗ്രമായ പാഠ്യപദ്ധതി പരിഷ്കരണം നടത്തുന്നത്.
കഴിഞ്ഞ 10 വർഷത്തിലധികമായി ഒരേ പാഠ പുസ്തകങ്ങളാണ് കുട്ടികൾ പഠിക്കുന്നത്. ഇതിനു മാറ്റം വരുത്തുകയാണ് ലക്ഷ്യം. ഇതിനായുള്ള ആശയ രൂപീകരണ ശിൽപ്പശാല മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉൽഘാടനം ചെയ്യും. ഇതിന് ശേഷമാണ് കരിക്കുലം, കോർകമ്മിറ്റി എന്നിവയുടെ സംയുക്ത യോഗം ചേരുക. ഇതിൽ പരിഷ്കരണ രൂപരേഖ ചർച്ച ചെയ്യും.
പ്രീപ്രൈമറി വിദ്യാഭ്യാസം, സ്കൂൾ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം എന്നീ നാല് മേഖലകളിലാണ് സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കുന്നത്. പരിഷ്കരണ നടപടികളുടെ അന്തിമഘട്ടത്തിലാണ് പാഠപുസ്തകങ്ങൾ, ടീച്ചർ ടെക്സറ്റുകൾ തുടങ്ങിയവയുടെ നിർമ്മാണത്തിലേക്ക് പ്രവേശിക്കുക. സമഗ്രമായ പാഠ്യപദ്ധതി പരിഷ്കരണ നടപടികൾ പൂർത്തിയാവാൻ ഏകദേശം 2 വർഷമെടുക്കുമെന്നാണ് സർക്കാറിന്റെ വിലയിരുത്തൽ.
Read also: ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും




































