തിരുവനന്തപുരം: നിയമസഭയിൽ അരങ്ങേറുന്ന പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്. പ്രതിപക്ഷം നിയമസഭയിൽ കാണിക്കുന്നത് തെമ്മാടിത്തരം ആണെന്നും, അത് നോക്കിനിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സഭയിൽ വൃത്തികേട് വിളിച്ചുപറയാൻ അനുവദിക്കില്ലെന്നും, സഭയിൽ പ്രതിപക്ഷം സകല മാന്യതയും ലംഘിക്കുകയാണെന്നും പറഞ്ഞ മന്ത്രി, കട്ടുമുടിച്ച് ജീവിക്കാൻ ആഗ്രഹിച്ചവർക്ക് ഭരണം കിട്ടാത്തതിന്റെ മാനസിക വിഭ്രാന്തിയാണ് പ്രതിപക്ഷം കാണിക്കുന്നതെന്നും തുറന്നടിച്ചു.
അതേസമയം തന്നെ പാർട്ടിക്കുള്ളിൽ താൻ മികച്ച പ്രതിപക്ഷ നേതാവാണെന്ന് തെളിയിക്കാനുള്ള കളികളാണ് വിഡി സതീശൻ നടത്തുന്നതെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു. അതിന് വേണ്ടി മുഖ്യമന്ത്രിക്കെതിരെ വായിൽ തോന്നുന്നത് വിളിച്ചു പറയുന്നത് അനുവദിക്കാനാവില്ലെന്നും, മാന്യത കാണിച്ചാൽ തിരിച്ചും മാന്യത കാണിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൂടാതെ പ്രതിപക്ഷം നിയമസഭയുടെ അന്തസ് കളയുന്നുവെന്ന ആരോപണവുമായി മന്ത്രി സജി ചെറിയാനും രംഗത്തെത്തി. നിയമസഭാ നടപടികൾ പ്രതിപക്ഷം മൊബൈലിൽ ചിത്രീകരിച്ചുവെന്നും, പെരുമാറ്റച്ചട്ടങ്ങൾ പാലിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് സംബന്ധിച്ച് മന്ത്രി സജി ചെറിയാൻ സ്പീക്കർക്ക് പരാതി നൽകുകയും ചെയ്തു.
Read also: സോണിയ ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറിക്കെതിരെ ബലാൽസംഗ കേസ്







































