ലണ്ടന്‍: സെര്‍ബിയയുടെ ഇതിഹാസ താരം നൊവാക് ജോക്കോവിച്ച് വിംബിള്‍ണ്‍ ഓപ്പണ്‍ ഫൈനലില്‍. നിലവിലെ ചാമ്പ്യന്‍ കൂടിയായ ജോക്കോവിച്ച് സെമി ഫൈനലില്‍ ബ്രിട്ടന്റെ കാമറൂൺ നോറിയെയാണ് കീഴടക്കിയത്. ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം ശക്തമായി തിരിച്ചടിച്ച ജോക്കോവിച്ച് പിന്നീടുള്ള മൂന്ന് സെറ്റുകളും നേടി ഫൈനല്‍ ടിക്കറ്റെടുത്തു.
ജോക്കോവിച്ചിന്റെ എട്ടാം വിംബിൾഡൺ ഫൈനലാണിത്, ഇതിൽ 6 തവണ കിരീടവും നേടി. ഈ വിജയത്തോടെ പുതിയൊരു റെക്കോഡ് ജോക്കോവിച്ച് സ്വന്തമാക്കി. ഏറ്റവുമധികം തവണ ഗ്രാന്‍ഡ്സ്ളാം ഫൈനലിലെത്തുന്ന പുരുഷതാരം എന്ന റെക്കോഡാണ് ജോക്കോവിച്ച് സ്വന്തം പേരിലാക്കിയത്. ഈ ഫൈനല്‍ പ്രവേശനമുള്‍പ്പെടെ 32 തവണ താരം ഗ്രാന്‍ഡ്സ്ളാമുകളില്‍ ഫൈനലിലെത്തി.
31 ഫൈനല്‍ പ്രവേശനം നേടിയ റോജര്‍ ഫെഡററുടെ റെക്കോഡ് ഇതോടെ പഴങ്കഥയായി. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ നിക് കിര്‍ഗിയോസാണ് ജോക്കോവിച്ചിന്റെ എതിരാളി. ഫൈനലില്‍ വിജയിച്ചാല്‍ ഏറ്റവുമധികം വിംബിള്‍ഡണ്‍ കിരീടം നേടിയ പുരുഷ താരങ്ങളുടെ പട്ടികയില്‍ ജോക്കോവിച്ചിന് രണ്ടാമതെത്താം.
Read Also: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; 11 ജില്ലകളിൽ യെല്ലോ അലർട്






































