പട്ടിക്കാട്: സൗദി പൗരനായ കുരുന്നിന്റെ ജീവൻ രക്ഷിക്കാൻ കേരളത്തിൽ നിന്ന് നാലുപേർ കടലുകടന്നു. അപൂർവ രക്‌തഗ്രൂപ്പായ ബോംബെ ഗ്രൂപ്പുള്ള ‘ബോംബെ ഡോണേഴ്‌സ്’ അംഗങ്ങളായ ജലീന മലപ്പുറം, മുഹമ്മദ് ഫാറൂഖ് തൃശൂർ, മുഹമ്മദ് റഫീഖ് ഗുരുവായൂർ, മുഹമ്മദ് ഷെരീഫ് പെരിന്തൽമണ്ണ എന്നിവരാണ് രക്‌തദാനത്തിനായി സൗദിയിലേക്ക് തിരിച്ചത്. കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് ചൊവ്വാഴ്‌ച രാത്രി 8.30ന് ഇവർ സൗദിയിലേക്ക് പോയി.
ഹൃദയ ശസ്‌ത്രക്രിയക്ക് വിധേയനാകുന്ന കുട്ടിക്കാണ് അപൂർവ ഗ്രൂപ് ആയ ബോംബെ ഒ പോസിറ്റീവ് രക്‌തം വേണമെന്ന് ഡോക്‌ടർമാർ നിർദ്ദേശിച്ചത്. ഇതിന് വേണ്ടി കുട്ടിയുടെ ബന്ധുക്കൾ വിവിധ ഭാഗങ്ങളിൽ അന്വേഷിച്ചിരുന്നു. വിവരം ശ്രദ്ധയിൽപെട്ട സൗദിയിലെ ബിഡികെ ജനറൽ സെക്രട്ടറി ഫസൽ ചാലാട്, ബിഡികെ കേരള വൈസ് പ്രസിഡണ്ട് സലീം വളാഞ്ചേരിയെ വിവരം അറിയിക്കുകയായിരുന്നു. ഇവർ മറ്റ് അംഗങ്ങളുമായി ആശയ വിനിമയം നടത്തിയാണ് ബോംബെ ഒ പോസിറ്റീവ് രക്‌തമുള്ള 4 പേരെ കണ്ടെത്തിയത്. ആദ്യമായി ബോംബെയിൽ കണ്ടെത്തിയ അപൂർവ രക്‌തഗ്രൂപ്പാണ് ബോംബെ ഗ്രൂപ്പ്. കേരളത്തിൽ 35ൽ താഴെ ആളുകൾക്ക് മാത്രമാണ് ഈ രക്‌ത ഗ്രൂപ്പുള്ളത്.

Most Read: വ്യാജരേഖകൾ ചമച്ച് കെഎസ്‌എഫ്‌ഇയിൽ വൻ തട്ടിപ്പ്; മാനേജർ ഉൾപ്പടെ രണ്ടുപേർ അറസ്‌റ്റിൽ






































