പുറത്തൂർ: കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തുന്ന രോഗികൾ ചികിൽസക്കായി വലയുന്നു. ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. കുടുംബാരോഗ്യ കേന്ദ്രത്തെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്നാണ് ആളുകളുടെ ആവശ്യം. പുറത്തൂർ, മംഗലം, തൃപ്രങ്ങോട് പഞ്ചായത്തുകളിലുള്ളവർ ആശ്രയിക്കുന്ന ആശുപത്രിയാണിത്.
ദിവസേന ശരാശരി 600 പേരാണ് ഇവിടെ ചികിൽസക്കായി എത്തുന്നത്. കഴിഞ്ഞ മാസം മാത്രം ഒപിയിൽ 20,000 പേരാണ് എത്തിയത്. 83 കിടക്കകളുള്ള ഇവിടെ 23 എണ്ണത്തിൽ മാത്രമാണ് കിടത്തി ചികിൽസയുള്ളത്. ജീവനക്കാരുടെ കുറവ് കാരണമാണ് മറ്റ് കിടക്കകളിൽ കിടത്തി ചികിൽസ ഇല്ലാത്തത്. വൈകിട്ടത്തെ ഒപി, ഡെന്റൽ ക്‌ളിനിക്, ഫിസിയോതെറപ്പി, സെക്കൻഡറി പാലിയേറ്റീവ്, ഗർഭിണികൾക്കുള്ള ക്‌ളിനിക്, ഓട്ടിസം ക്‌ളിനിക്, മന്തുരോഗ ക്‌ളിനിക് എന്നിവയെല്ലാം ഇവിടെ പ്രവർത്തിക്കുന്നുണ്ട്. 108 ആംബുലൻസിന്റെ സേവനവും ഇവിടെയുണ്ട്. എന്നാൽ ഇവിടെ ആകെയുള്ളത് 7 ഡോക്‌ടർമാരും 10 നഴ്‌സുമാരും 3 ഫാർമസിസ്‌റ്റുകളുമാണ്. എന്നാൽ കുറഞ്ഞത് 10 ഡോക്‌ടർമാരെങ്കിലും ഇവിടെ ആവശ്യമാണ്.
‘കുറഞ്ഞത് 18 നഴ്‌സുമാരും വേണം. ഇതിനായി ആശുപത്രിയെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യമാണ് ഉയരുന്നത്. തിരൂർ ബ്‌ളോക്ക് പഞ്ചായത്തിന് കീഴിലെ 2 കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഒന്നാണ് പുറത്തൂരിലേത്. അത്യാവശ്യ സൗകര്യങ്ങളെല്ലാം ഇവിടെ ലഭ്യമാണ്. തിരക്കേറിയ ആശുപത്രിയെ കൂടുതൽ സൗകര്യങ്ങളുള്ളതാക്കി ഉയർത്താൻ സർക്കാരിൽ സമ്മർദം ചെലുത്തുന്നുണ്ട്.; തിരൂർ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് യുസൈനുദ്ദീൻ പറഞ്ഞു.
Most Read: ‘ഭരണം പോയാലും ചിലത് ചെയ്യും’; കെകെ രമയ്‌ക്ക് വധഭീഷണി, പരാതി നൽകി






































