കോഴിക്കോട്: സിഎസ്കെ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കാലിക്കറ്റ് സൈനിക കൂട്ടായ്മ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു.
സൈനികരുടെ കുടുംബ സംഗമത്തോടൊപ്പം വിവിധ കലാപരിപാടികളും നടന്നു. പ്രമുഖ നർത്തകി ശ്വേത കൊടുവള്ളി അവതരിപ്പിച്ച ഭരതനാട്യം, പരിപാടിയിലെ മുഖ്യ ആകർഷണമായിരുന്നു. അടുത്തിടെ വിരമിച്ച സിഎസ്കെ അംഗങ്ങളെ ആദരിക്കുന്ന ചടങ്ങും പരിപാടിയോട് അനുബന്ധിച്ച് നടന്നു.
ബാലുശ്ശേരി കരുമല ഇൻഡസ് ഇംഗ്ളീഷ് സ്കൂളിൽ നടന്ന ചടങ്ങ് ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഇന്ദിര ഏറാടി ഉൽഘാടനം ചെയ്തു. സിഎസ്കെ സെക്രട്ടറി അബ്ദുൾ റസാഖ് കരുമല സ്വാഗതം പറഞ്ഞ ചടങ്ങിൽ ക്യാപ്റ്റൻ നന്ദനൻ കരുമല അധ്യക്ഷത വഹിച്ചു.
ഉണ്ണികുളം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ വിപിൻ കരുമലയും വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് ഭഗീഷ് കരുമല, വിപിൻ ഉണ്ണികുളം, ലിനീഷ് കരുമല എന്നിവരും മുൻ സായ് കോച്ച് പ്രേമാനന്ദൻ കരുമലയും ആശംസാ പ്രസംഗം നിർവഹിച്ചു. നിർമ്മൽ ചാത്തമംഗലം നന്ദിയും പറഞ്ഞു.
Women News: ശ്രദ്ധേയ വനിതാ വാർത്തകൾ ഈ ലിങ്കിൽ വായിക്കാം




































