കൊച്ചി: തൊണ്ടിമുതലിൽ കൃത്രിമം നടത്തിയ കേസിൽ ഗതാഗത മന്ത്രി ആന്റണി രാജുവിന് ആശ്വാസം. കേസിലെ എഫ്ഐആർ ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിക്കുക ആയിരുന്നു. അതേസമയം, നടപടിക്രമങ്ങൾ പാലിച്ചു വീണ്ടും കേസെടുക്കുന്നതിന് ഉത്തരവ് തടസമില്ലെന്നും കോടതി വ്യക്തമാക്കി.
ഈ സംഭവത്തിന് പോലീസിന് കേസെടുക്കാൻ അധികാരം ഇല്ലെന്നായിരുന്നു ആന്റണി രാജുവിന്റെ വാദം. മജിസ്ട്രേറ്റ് കോടതിക്ക് മാത്രമേ ഇക്കാര്യത്തിൽ അന്വേഷണം നടത്തി റിപ്പോർട് നൽകാൻ അവകാശം ഉള്ളൂവെന്നും മന്ത്രി വാദിച്ചു. ലഹരിമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാൻ തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്നാണ് കേസ്.
അടിവസ്ത്രത്തിൽ ഹാഷിഷ് ഒളിപ്പിച്ചു വന്ന വിദേശിയെ കേസിൽ നിന്നും രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രം വാങ്ങിച്ചു മുറിച്ചു പത്ത് വയസുകാരന്റേതാക്കി മാറ്റിയെന്നായിരുന്നു ആരോപണം. നേരത്തെ, ആന്റണി രാജുവിന് എതിരായ തൊണ്ടിമുതൽ കേസ് നിയമസഭയിൽ ഉന്നയിച്ച പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മന്ത്രി ആരോപണം നിഷേധിക്കുകയായിരുന്നു.
Most Read: എച്ച്3 എൻ 2 വൈറസ്; ഇന്ത്യയിൽ ആദ്യമായി രണ്ടു മരണം- കേസുകൾ കൂടുന്നു







































