കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്‌ടറെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ജി സന്ദീപിനെ റിമാൻഡ് ചെയ്‌തു. കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തത്. ഇന്ന് വൈകിട്ടോടെയാണ് പ്രതിയെ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയത്. അതേസമയം, നെടുമ്പന യുപി സ്‌കൂളിലെ അധ്യാപകനായ ജി സന്ദീപിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്‌തു.
വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശ പ്രകാരം നടത്തിയ വകുപ്പുതല അന്വേഷണത്തിലാണ് നടപടി. പ്രതി നേരത്തെ സസ്‌പെൻഷനിൽ ആയിരുന്നുവെന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതേസമയം, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ സ്വദേശിനി വന്ദനയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചു സംസ്‌ഥാന വ്യാപകമായി നാളെയും പണിമുടക്ക് നടത്തുമെന്ന് ഐഎംഎ അറിയിച്ചു.
ഡോക്‌ടർമാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ മുഖ്യമന്ത്രി ഉടൻ ഇടപെടണമെന്നും, സുരക്ഷ ഉറപ്പാക്കുന്ന ചട്ടം ഓർഡിനൻസായി ഉടൻ ഇറക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. പോലീസിന്റെ സാന്നിധ്യത്തിൽ ഇത്തരമൊരു കൊലപാതകം നടന്നത് അതീവ ഗൗരവതരമെന്ന് കേരള ഗവ. മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷനും വിമർശിച്ചു. അത്യാഹിത വിഭാഗം ഒഴിവാക്കിക്കൊണ്ട് ഇന്നും സർക്കാർ, സ്വകാര്യ ഡോക്‌ടർമാർ സംസ്‌ഥാന വ്യാപകമായി പണിമുടക്ക് നടത്തിയിരുന്നു.
ഇന്ന് പുലർച്ചെ നാലരയോടെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്ക് എത്തിച്ച പ്രതിയുടെ ആക്രമണത്തിൽ കുത്തേറ്റ് വനിതാ ഡോക്‌ടർ മരിച്ചത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ സ്വദേശിനി വന്ദനയാണ് (22) മരിച്ചത്. നെടുമ്പനയിലെ യുപി സ്‌കൂൾ അധ്യാപകനായ കുടവട്ടൂർ ശ്രീനിലയത്തിൽ സന്ദീപ് ആണ് ആക്രമിച്ചത്.
പോലീസ് കസ്‌റ്റഡിയിൽ എടുത്ത പ്രതിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. ആശുപത്രിയിൽ വെച്ച് അക്രമാസക്‌തനായ പ്രതി ഡ്രസിങ് റൂമിലെ കത്രിക എടുത്ത് ഒപ്പമെത്തിയ ബന്ധുവായ ബിനുവിനെ കുത്തി. ഇത് കണ്ടു തടസം പിടിക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ചു. ഇതോടെ എല്ലാവരും ഓടിയൊളിച്ചു. ഡ്രസിങ് റൂമിൽ ഒറ്റപ്പെട്ടുപോയ ഡോക്‌ടറെ പ്രതി കഴുത്തിലും പുറത്തുമായി കുത്തി പരിക്കേൽപ്പിച്ചു.
ഡോക്‌ടർക്ക് അഞ്ചിലേറെ തവണ കുത്തേറ്റു. നെഞ്ചിലേറ്റ കുത്ത് ശ്വാസകോശത്തിലേക്കും കയറി. നട്ടെല്ലിനും കുത്തേറ്റു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെയാണ് മരണം. ആശുപത്രിയിലെ ഹോം ഗാർഡ്, കൊട്ടാരക്കര പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ എന്നിവർക്കും കുത്തേറ്റു. വന്ദനയുടെ ശരീരത്തിൽ 11 കുത്തുകളേറ്റതായാണ് പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട്. മുതുകിൽ ആറും തലയിൽ മൂന്നും കുത്തുകളേറ്റു.
ശരീരത്തിലാകെ 23 മുറിവുകളാണ് ഉള്ളത്. മുതുകിലും തലയിലുമേറ്റ കുത്തുകളാണ് മരണത്തിന് കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പോസ്‌റ്റുമോർട്ടത്തിന് ശേഷം വന്ദനയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് വന്ദന പഠിച്ച കൊല്ലം അസീസിയ മെഡിക്കൽ കോളേജിലും പൊതുദർശനത്തിന് വെച്ചു. മൃതദേഹം ഇന്ന് രാത്രി ജൻമനാടായ കോട്ടയം കടുത്തുരുത്തി മുട്ടുചിറയിലെ വസതിയിലെത്തിക്കും. നാളെ ഉച്ചക്കാണ് സംസ്‌കാരം.
Most Read: വേനലവധി ക്‌ളാസുകൾ നടത്താം; ഉത്തരവ് സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി








































