ന്യൂഡെൽഹി: കേന്ദ്ര സർക്കാർ വിളിച്ചു ചേർത്ത പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’ ബിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ചേക്കുമെന്ന് സൂചന. ലോക്സഭാ തിരഞ്ഞെടുപ്പും വിവിധ സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പും ഒരുമിച്ചു നടത്താൻ ഉദ്ദേശിക്കുന്നതാണ് ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ് ബിൽ. ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തേയാക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് കേന്ദ്രം പ്രത്യേക സമ്മേളനം വിളിച്ചു ചേർക്കുന്നത്.
സെപ്റ്റംബർ 18 മുതൽ 22 വരെയാണ് പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചിരിക്കുന്നത്. കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷിയാണ് തീരുമാനമറിയിച്ചത്. ഈ ആശയം മുമ്പും പലതവണ ഉന്നയിക്കപ്പെട്ടിരുന്നു. നിലവിൽ, ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും അതത് സഭകളുടെ കാലാവധിയുടെ അവസാനത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ് ബിൽ പാസായാൽ ലോക്സഭയിലേക്കും എല്ലാ സംസ്ഥാന നിയമസഭകളിലേക്കും ഒരുമിച്ചു തിരഞ്ഞെടുപ്പ് നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇതിന് പുറമെ ഏക സിവിൽ കോഡ്, വനിതാ സംവരണം എന്നിവ സംബന്ധിച്ച ബില്ലുകളും പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.
Most Read| ‘കർഷകരെ വഞ്ചിച്ച പിണറായി സർക്കാർ ഹെലികോപ്ടർ വാങ്ങുന്ന തിരക്കിൽ’; കെ സുധാകരൻ