മലപ്പുറം: മലപ്പുറത്തെ മുസ്ലിം പെൺകുട്ടികളെ അപമാനിച്ച് നടത്തിയ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ അനിൽ കുമാറിന്റെ പ്രസ്താവനക്കെതിരെ സമസ്ത രംഗത്ത്. (CPM Controversy on Muslim Girls) സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പുറത്തായെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ പ്രതികരിച്ചു. വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് സിപിഎം ന്യൂനപക്ഷങ്ങളോട് അടുക്കുന്നത്. മതപരമായ തത്വങ്ങൾക്ക് എതിരാണ് കമ്യൂണിസമെന്നും അതൊരു വസ്തുതയാണെന്നും അദ്ദേഹം വിമർശിച്ചു.
‘മലപ്പുറത്ത് ഒരു പെൺകുട്ടി തട്ടമിടുന്നത് ശരിയല്ല, അത് ഇല്ലായ്മ ചെയ്തത് ഞങ്ങളാണ്, അതൊരു പുരോഗതിയാണ് എന്നാണ് അനിൽകുമാർ പറഞ്ഞത്. വ്യക്തിപരമായ അഭിപ്രായമായി അതിനെ ചുരുക്കിയാലും പാർട്ടിയെ സംബന്ധിച്ചിടത്തോളം പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാൾ, ഞങ്ങൾ വരുത്തിയ പുരോഗതിയാണ് അതെന്ന് പറയുമ്പോൾ അദ്ദേഹത്തിന്റെ മനസിൽ അത് സ്വന്തം ആശയമല്ല, മറിച്ചു പാർട്ടിയുടേത് കൂടിയാണ്’- അബ്ദുസമദ് പൂക്കോട്ടൂർ പ്രതികരിച്ചു.
‘ഒരുപക്ഷേ വോട്ട് രാഷ്ട്രീയത്തിന് വേണ്ടി നാളെ ഈ പ്രസ്താവന നിഷേധിച്ചേക്കാം. അത് അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായമാണെന്നും പ്രകടമാക്കിയേക്കാം. എങ്കിൽ പോലും അദ്ദേഹം പാർട്ടി ക്ളാസിൽ പഠിച്ചൊരു യാഥാർഥ്യം വെച്ചുകൊണ്ടായിരിക്കുമല്ലോ അങ്ങനെ പറയാൻ കാരണം’- അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു.
‘മലപ്പുറത്ത് നിന്ന് വരുന്ന പുതിയ പെൺകുട്ടികളെ കാണൂ നിങ്ങൾ. തട്ടം തലയിലിടാൻ വന്നാൽ അത് വേണ്ടായെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് ഈ കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഭാഗമായിട്ടുതന്നെയാണ്, വിദ്യാഭ്യാസമുണ്ടായതിന്റെ ഭാഗമായിത്തന്നെയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതുകൊണ്ട് സ്വതന്ത്രചിന്ത വന്നതിൽ ഈ പ്രസ്ഥാനത്തിന്റെ പങ്ക് ചെറുതല്ല‘. എന്നായിരുന്നു കെ അനിൽ കുമാറിന്റെ പ്രസ്താവന.
മുസ്ലിം സ്ത്രീകൾ പട്ടിണി കിടക്കുന്നില്ലെങ്കിൽ അതിനു നന്ദി പറയേണ്ടത് മാർക്സിസ്റ്റ് പാർട്ടിയോടാണെന്നത് ഉൾപ്പടെയുള്ള പ്രസ്താവനകളാണ് അനിൽകുമാർ നിരീശ്വരവാദ സമ്മേളനത്തിൽ നടത്തിയത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മനുഷ്യത്വ വിരുദ്ധ തീവ്ര നവലിബറൽ ഫാസിസ്റ്റ് പ്രചാരകനായ രവിചന്ദ്രന്റെ നേതൃത്വത്തിലുള്ള എസൻസ് നടത്തിയ ലിറ്റ്മസ് പരിപാടിയിൽ വെച്ചായിരുന്നു വിവാദ പ്രസ്താവന.
വിവാദ പരാമർശങ്ങൾക്കെതിരെ കേരള മുസ്ലിം ജമാഅത്ത്, മുസ്ലിം ലീഗ് ഉൾപ്പടെയുള്ളവർ ശക്തമായ പ്രതിഷേധവുമായി സോഷ്യൽ മീഡിയയിലടക്കം രംഗത്തെത്തി. സിപിഎമ്മുകാരുടെ ഉള്ളിലിരിപ്പ് എന്താണെന്ന് വ്യക്തമാക്കുന്ന സംഭവമാണ് നാസ്തിക സമ്മേളനത്തിലെ അനിൽ കുമാറിന്റെ പ്രസംഗമെന്ന് മുസ്ലിം ലീഗ് നേതാവും എംഎൽഎയുമായ കെപിഎ മജീദ് വിമർശിച്ചു.
മലപ്പുറം ജില്ലയിലെ മുസ്ലിം പെൺകുട്ടികളുടെ മതപരമായ വേഷവിധാനത്തെ പരസ്യമായി അധിക്ഷേപിച്ചും തലയിലെ തട്ടം അഴിപ്പിക്കുന്നതിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മഹത്വം വിവരിച്ചും നടത്തിയ പ്രസംഗം മുസ്ലിം സമുദായത്തോടുള്ള വെല്ലുവിളിയാണെന്നാണ് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചത്.
കേരള മുസ്ലിം ജമാഅത്ത് പ്രവർത്തകരും സംഘടനക്ക് കീഴിലുള്ള എസ്വൈഎസ് ഉൾപ്പടെയുള്ള സംഘടനകളും സാമൂഹിക മാദ്ധ്യങ്ങളിലടക്കം വലിയ പ്രതിഷേധമാണ് നടത്തുന്നത്. മതപരമായ വേഷവിധാനത്തെ പരിഹസിച്ചും മുസ്ലിം പെൺകുട്ടികളെ അടച്ചാക്ഷേപിച്ചും നടത്തിയ പരാമർശം പൂർണമായും പിൻവലിക്കണമെന്നും പരസ്യമായി മാപ്പുപറയണമെന്നുമാണ് സാമൂഹിക മാദ്ധ്യമങ്ങളിലെയും പൊതുവികാരം.
Most Read| സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളിൽ പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം