ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രസിൽ 19കാരി കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലെ പ്രതികളിൽ ഒരാൾക്ക് പ്രായപൂർത്തി ആയിട്ടില്ലെന്ന് സിബിഐയുടെ കണ്ടെത്തൽ. ദേശീയ മാദ്ധ്യമമായ ഇന്ത്യാ ടുഡേ ആണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. കേസിലെ നാല് പ്രതികളിൽ ഒരാൾക്ക് പ്രായപൂർത്തി ആയിട്ടില്ലെന്ന് ഇയാളുടെ സ്‌കൂൾ സർട്ടിഫിക്കറ്റുകളിൽ വ്യക്‌തമാണെന്നാണ് കണ്ടെത്തൽ. കേസിൽ യുപി പോലീസ് നടത്തിയ അന്വേഷണത്തിൽ വീഴ്‌ച്ച പറ്റിയിട്ടുണ്ടെന്നും സിബിഐ ചൂണ്ടിക്കാട്ടുന്നു.
സിബിഐ സംഘം തങ്ങളുടെ വസതി സന്ദർശിച്ച് മാർക്ക്ഷീറ്റ് എടുത്തതായി പ്രതിയുടെ മാതാവിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്‌തു. മകൻ പ്രായപൂർത്തിയാകാത്ത ആളാണെന്നും അവർ അവകാശപ്പെട്ടു. “അവർ മാർക്ക്ഷീറ്റിനൊപ്പം എന്റെ മൂത്ത മകന്റെ വസ്‌ത്രങ്ങളും എടുത്തു കൊണ്ടുപോയിട്ടുണ്ട്, ”- മാതാവ് പറയുന്നു. ഇയാളുടെ സ്‌കൂൾ സർട്ടിഫിക്കറ്റിൽ 2002 ഡിസംബർ രണ്ടാണ് ജനന തിയ്യതിയായി കാണിച്ചിരിക്കുന്നത്.
Related News: ഹത്രസ്; പ്രതികളെ സിബിഐ ചോദ്യം ചെയ്‌തു
അതേസമയം, അലിഗഡ് ജയിലിൽ തടവിൽ കഴികയുന്ന നാല് പ്രതികളെയും സിബിഐ തിങ്കളാഴ്‌ച്ച ചോദ്യം ചെയ്‌തു. എട്ടു മണിക്കൂറിലധികമാണ് ഇവരെ ചോദ്യം ചെയ്‌തത്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കളിൽ നിന്നും സിബിഐ കഴിഞ്ഞ ദിവസങ്ങളിൽ മൊഴി എടുത്തിരുന്നു. ഇതിനുശേഷമാണ് സിബിഐ സംഘം പ്രതികളെ ചോദ്യം ചെയ്യാൻ എത്തിയത്. പെൺകുട്ടിയെ പ്രവേശിപ്പിച്ച അലിഗഡ് ആശുപത്രിയിലെ ജീവനക്കാരെയും സിബിഐ ചോദ്യം ചെയ്‌തു.
Also Read: യുപിയില്‍ ക്രമസമാധാനം തകര്‍ന്നു, രാഷ്‌ട്രപതി ഭരണം വേണം; എസ്. പി







































