തൃശൂർ: തൃശൂരിൽ കഴിഞ്ഞ ദിവസം ലേലത്തിൽ വെച്ച വാഴക്കുലയ്‌ക്ക് കിട്ടിയത് 60,250 രൂപ. തൃശൂർ കെ റെയിൽ വിരുദ്ധ സമരസമിതി നട്ട വാഴയുടെ കുലയ്‌ക്കാണ് കണ്ണഞ്ചിപ്പിക്കുന്ന വില കിട്ടിയത്. തൃശൂർ പാലക്കൽ സ്വദേശി ബാബുവിന്റെ പറമ്പിൽ നട്ട വാഴയാണ് കുലച്ചത്. തുടർന്നാണ് കുല ലേലത്തിൽ വെച്ചത്. എന്നാൽ, കിട്ടിയ തുക ഒരു കാരുണ്യ പ്രവർത്തനത്തിന് നൽകാനാണ് ബാബു തീരുമാനിച്ചിരിക്കുന്നത്.
ലേലത്തിലൂടെ കിട്ടിയ മുഴുവൻ തുകയും ചെങ്ങന്നൂരിലെ വയോധികയായ തങ്കമ്മയ്‌ക്ക് വീട് പണിയാൻ നൽകുമെന്നാണ് ബാബു അറിയിച്ചിരിക്കുന്നത്. തങ്കമ്മയുടെ ചെറിയ വീടിനകത്തെ അടുപ്പിൽ കെ റെയിൽ കുറ്റി സ്‌ഥാപിച്ചത് വൻ വിവാദമായിരുന്നു. ഇതോടെയാണ്, ലേലത്തിൽ കിട്ടിയ തുക തങ്കമ്മയ്‌ക്ക് വീട് പണിയാൻ നൽകാൻ ബാബു തീരുമാനിച്ചത്.
പാലയ്‌ക്കൽ സെന്ററിലായിരുന്നു ഇന്നലെ ലേലം വിളി നടന്നത്. സംസ്‌ഥാനത്ത് എൽഡിഎഫ് എംഎൽഎമാരുടെ എണ്ണത്തിന് തുല്യമായി 99 വാഴകളാണ് സമരസമിതി കഴിഞ്ഞ പരിസ്‌ഥിതി ദിനത്തിൽ നട്ടത്. ഈ വാഴകളിലായിരുന്നു വിളവെടുപ്പ്. കുലകളുമായി സമര സമിതി പ്രതിഷേധ മാർച്ചും യോഗവും നടത്തിയിരുന്നു. കെവി പ്രേമൻ എന്നയാളാണ് കുല വാങ്ങിച്ചത്. സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ തുക ലഭിച്ച കെ റെയിൽ വാഴക്കുലയായി പാലയ്‌ക്കലിലേത് മാറി.
Most Read| സ്‌ത്രീകളെ ഭയം, 55 വർഷമായി സ്വയം തടവിൽ; 71-കാരന്റെ ജീവിത പോരാട്ടം







































