
അതിരപ്പിള്ളി: അതിരപ്പിള്ളി തുമ്പൂർമുഴി മേഖലയിലെ പന്ത്രണ്ട് കുടുംബങ്ങളുടെ സ്വപ്നമായിരുന്നു തങ്ങളുടെ വീട്ടിലേക്കുള്ള വഴി. വർഷങ്ങളായി ആ സ്വപ്നത്തിന് അനുമതി തേടി അവർ പല അധികാരികളെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇപ്പോൾ തന്റെ ഭൂമിയിൽ നിന്നും എട്ട് സെന്റ് നൽകി അവരുടെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് വെളുത്തേടത്ത് രാധാകൃഷ്ണനും കുടുംബവും.
തുമ്പൂർമുഴി മേഖലയിൽ താമസിച്ചിരുന്ന 12 കുടുംബങ്ങളുടെ വീട്ടിലേക്ക് വനഭൂമിയിലൂടെയാണ് വഴിയുണ്ടായിരുന്നത്. തകർന്ന നിലയിൽ ഉള്ള ഈ വഴി നന്നാക്കാൻ ഈ കുടുംബങ്ങൾ നിരവധി തവണ അധികാരികളെ സമീപിച്ചിരുന്നു. 2017 – 18 ൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വഴി നന്നാക്കാനായി അനുമതിക്ക് വേണ്ടി വനംവകുപ്പിനെ സമീപിച്ചെങ്കിലും അനുമതി ലഭിച്ചില്ല. അവിടെ റോഡ് നിർമ്മിക്കാൻ സാധിക്കില്ല എന്നറിഞ്ഞ രാധാകൃഷ്ണൻ തന്റെ ഭൂമിയിൽ നിന്നും വഴിക്ക് ആവശ്യമായ ഭൂമി നൽകാൻ തീരുമാനിക്കുകയായിരുന്നു. വീട്ടുകാരോട് സംസാരിച്ചപ്പോൾ അവർക്കും പൂർണസമ്മതം.
തുടർന്ന് ഇദ്ദേഹം റോഡ് നിർമ്മാണത്തിന് ആവശ്യമായ ഭൂമി നൽകാൻ തയ്യാറാണെന്ന് ബ്ലോക്ക് വൈസ് പ്രസിഡന്റ് വിജു വാഴക്കാലയെ അറിയിച്ചു. അങ്ങനെ തന്റെ ഭൂമിയിൽ നിന്നും എട്ട് സെന്റ് ഭൂമി നാട്ടുകാരുടെ വഴിയെന്ന സ്വപ്നത്തിനായി രാധാകൃഷ്ണൻ നൽകി. സമൂഹത്തിന്റെ നന്മയ്ക്കായി ഒരു പൊതുപ്രവർത്തകനെന്ന നിലയിൽ ചെയ്യാൻ സാധിക്കുന്നത് താൻ ചെയ്തു എന്നാണ് കർഷകനായ രാധാകൃഷ്ണൻ പറഞ്ഞത്.
12 ലക്ഷം രൂപ ചിലവിട്ടാണ് 250 മീറ്റർ നീളത്തിലും മൂന്ന് മീറ്റർ വീതിയിലുമുള്ള കോൺക്രീറ്റ് റോഡും സമീപത്തെ തോടിന്റെ സംരക്ഷണഭിത്തിയും നിർമ്മിച്ചിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഷീജു റോഡ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ കെ എം ജോഷി, ചന്ദ്രിക ഷിബു, ബ്ലോക്ക് വൈസ് പ്രസിഡന്റ് വിജു വാഴക്കാല തുടങ്ങിയവർ ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തു.






































