കൊല്ലം: 62ആംമത് സംസ്ഥാന സ്കൂൾ കലോൽസവത്തിന് ഇന്ന് കൊല്ലത്ത് തിരിതെളിയും. രാവിലെ പത്ത് മണിക്ക് കൊല്ലം ആശ്രാമം മൈതാനത്തെ പ്രധാന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യും. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. നടിയും നർത്തകിയുമായ ആശാ ശരത്തും സംഘവും അവതരിപ്പിക്കുന്ന നൃത്ത ശിൽപ്പത്തോടെയാകും കലാമേളയ്ക്ക് തുടക്കമാവുക.
മന്ത്രിമാരായ കെഎൻ ബാലഗോപാൽ, കെ രാജൻ, ജെ ചിഞ്ചുറാണി, കെബി ഗണേഷ്കുമാർ, പിഎ മുഹമ്മദ് റിയാസ്, നടി നിഖില വിമൽ തുടങ്ങിയവർ മുഖ്യാതിഥികളാകും. 14 ജില്ലകളിൽ നിന്നായി 14000ലേറെ പ്രതിഭകളാണ് കലാമേളയിൽ മാറ്റുരയ്ക്കുന്നത്. ആറ് പതിറ്റാണ്ടിനിടെ ഇത് നാലാം തവണയാണ് സംസ്ഥാന സ്കൂൾ കലോൽസവത്തിന് കൊല്ലം ജില്ല വേദിയാകുന്നത്. കഴിഞ്ഞ തവണ കോഴിക്കോടായിരുന്നു വേദി.
ജനുവരി എട്ടിനാണ് കലാമേളയുടെ സമാപനം. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൽഘാടനം ചെയ്യും. മന്ത്രി കെഎൻ ബാലഗോപാൽ അധ്യക്ഷനാകും. നടൻ മമ്മൂട്ടിയാണ് മുഖ്യാതിഥി. മന്ത്രി വി ശിവൻകുട്ടി പ്രതിഭകളെ ആദരിക്കും. ചാമ്പ്യൻഷിപ്പ് പ്രഖ്യാപനം ജനറൽ കൺവീനറും പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറുമായ സിഎ സന്തോഷ് നിർവഹിക്കും. മന്ത്രി സജി ചെറിയാൻ വിശിഷ്ടാതിഥിയാകും.
ജില്ലയിലെ 14 സ്കൂളുകളിലായി 2475 ആൺകുട്ടികൾക്കും ഒമ്പത് സ്കൂളുകളിലായി 2250 പെൺകുട്ടികൾക്കും താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. എല്ലാ ടൗൺ ബസ് സർവീസും കെഎസ്ആർടിസി, ഓർഡിനറി ബസുകളും ചിന്നക്കട ആശ്രാമം വഴി കടപ്പാക്കട റൂട്ടിലൂടെ കലോൽസവം അവസാനിക്കുന്നതുവരെ സർവീസ് നടത്തുന്നതാണ്. 25 ഓട്ടോറിക്ഷകൾ വേദികളിൽ നിന്നും മറ്റു വേദികളിലേക്ക് മൽസരാർഥികളെ എത്തിക്കുന്നതിനായി സൗജന്യ സേവനയും നടത്തുന്നതാണ്.
Most Read| അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും? സൂചന നൽകി നേതാക്കൾ







































