കൊച്ചി: ഡോ. വന്ദന ദാസ് കൊലപാതക കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പിതാവ് മോഹൻദാസ് സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ആണ് വിധി പറയുക. നിലവിലെ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് ആരോപണം. വീഴ്ച പറ്റിയ പോലീസുകാരെ സംരക്ഷിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി.
എന്നാൽ, സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ് സർക്കാർ നിലപാട്. അതേസമയം, കേസിൽ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതി സന്ദീപ് നൽകിയ ഹരജിയും ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് മെയ് പത്തിനാണ് ഡോ. വന്ദന ദാസ് അക്രമിയുടെ കുത്തേറ്റ് മരിച്ചത്.
ആശുപത്രിയിൽ വെച്ച് കുത്തേറ്റ ശേഷം വന്ദനദാസ് നടന്നു തന്നെയാണ് ആംബുലൻസിലേക്ക് പോയത്. അതിന് ശേഷം തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴും ആരോഗ്യ പ്രശ്നം ഉണ്ടായിരുന്നില്ല. എന്നാൽ, ഇവിടെ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാൻ സമയം വൈകിയോ എന്ന കാര്യത്തിൽ സംശയം ഉണ്ടെന്നാണ് കുടുംബം ഉന്നയിക്കുന്ന ആരോപണം. മാത്രമല്ല, സംഭവ സമയത്തും സ്ഥലത്തും പോലീസുകാർ, ഡോക്ടർമാർ, ജീവനക്കാർ തുടങ്ങിയവർ വന്ദനക്കടുത്ത് ഉണ്ടായിരുന്നു.
എന്നാൽ, ഇവർ എന്തുകൊണ്ടാണ് വന്ദനദാസിനെ സംരക്ഷിക്കാൻ വേണ്ടിയുള്ള മുൻകൈയെടുത്തില്ല തുടങ്ങിയ സംശയങ്ങളാണ് കുടുംബം ഉന്നയിക്കുന്നത്. പോലീസുകാരുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്താൻ സാധിക്കില്ലെന്നാണ് കുടുംബം കരുതുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം, വന്ദനയെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് പ്രതി കുത്തിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. സ്ഥിരം മദ്യപാനിയായ പ്രതി സന്ദീപ്, ബോധപൂർവം ആക്രമണം നടത്തുകയായിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു. പ്രതിയായ സന്ദീപിന് കുറ്റകൃത്യത്തെ കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്നതായും കുറ്റപത്രത്തിൽ പാമർശിക്കുന്നു.
കൊല്ലം ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എംഎം ജോസിന്റെ നേതൃത്വത്തിലുള്ള 11 അംഗ സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്. 1050 പേജുകളും 136 സാക്ഷിമൊഴികളുമാണ് കുറ്റപത്രത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കാവുന്ന തരത്തിലുള്ള ശാസ്ത്രീയ തെളിവുകൾ സഹിതമാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്.
Most Read| ഭൂരിപക്ഷം തെളിയിച്ച് ചംപയ് സോറൻ; സർക്കാർ അധികാരത്തിൽ തുടരും








































