കോട്ടയം: മീനടം സ്വദേശികളായ ദമ്പതികളും സുഹൃത്തും അരുണാചൽ പ്രദേശിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി നാട്ടുകാർ രംഗത്ത്. ദമ്പതികളായ നവീനും ദേവിയും മാർച്ച് 17നാണ് കോട്ടയത്തെ വീട്ടിൽ നിന്ന് പോയതെന്നാണ് നാട്ടുകാർ പറയുന്നത്. എങ്ങോട്ടാണ് പോകുന്നതെന്ന് ആരോടും പറഞ്ഞിരുന്നില്ലെന്നും ഇവർ പറയുന്നു.
”മന്ത്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സംഘടനയിൽ ഇരുവരും അംഗങ്ങളായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. 13 വർഷം മുമ്പാണ് നവീനും ദേവിയും വിവാഹിതരായത്. തിരുവനന്തപുരത്താണ് സ്‌ഥിര താമസം. രണ്ടുപേരും ആയുർവേദ ഡോക്‌ടർമാരായിരുന്നു. കുറച്ചു നാളായി ജോലിയൊന്നും ഇല്ലാതെ ഇരുവരും വീട്ടിൽ തന്നെയായിരുന്നു. നവീന്റെ മാതാവും പിതാവും ജോലി സംബന്ധമായി തിരുവനന്തപുരത്ത് ആയതിനാൽ നവീനും അവിടെ ആയിരുന്നു.
തിരുവനന്തപുരം ആയുർവേദ കോളേജിലാണ് നവീൻ പഠിച്ചത്. അവിടെ വെച്ചാണ് ദേവിയുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്‌തത്. ഇരുവരും പുനർജനി എന്നോ മറ്റോ പേരുള്ള സംഘടനയിൽ അംഗമായിരുന്നുവെന്നാണ് വിവരം. 13 വർഷമായി വിവാഹം കഴിഞ്ഞെങ്കിലും കുട്ടികൾ വേണ്ടെന്ന തീരുമാനത്തിലായിരുന്നു ഇരുവരും. ഈ സംഘടന വഴിയാണ് ഇരുവരും അരുണാചലിലേക്ക് പോയതെന്നാണ് വിവരം.
ദേഹം മുഴുവൻ വരഞ്ഞ് മുറിച്ച് രക്‌തം വാർന്നാണ് മരിച്ചതെന്നാണ് പറയുന്നത്. ആ രീതിയിലേക്ക് ഇവരുടെ മനസിനെ മാറ്റിക്കാണും”- നാട്ടുകാർ പറയുന്നു. മീനടം സ്വദേശികളായ നവീൻ, ഭാര്യ ദേവി, സുഹൃത്തും അധ്യാപികയുമായ ആര്യ എന്നിവരെയാണ് അരുണാചലിന്റെ തലസ്‌ഥാനമായ ഇറ്റാനഗറിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആര്യയെ കഴിഞ്ഞ മാസം 27 മുതൽ കാണാനില്ലെന്ന് പറഞ്ഞ് പിതാവ് നൽകിയ പരാതിയിൽ വട്ടിയൂർക്കാവ് പോലീസ് അന്വേഷണം നടത്തവേയാണ്, കൂട്ടമരണത്തിന്റെ വാർത്ത പുറത്തുവന്നത്.
വിവാഹം നിശ്‌ചയിച്ചതിന് പിന്നാലെയാണ് ആര്യയെ കാണാതായത്. തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളിൽ അധ്യാപികയായിരുന്നു ആര്യ. ഇക്കഴിഞ്ഞ 27നാണ് ആര്യയെ കാണാതായ കേസ് രജിസ്‌റ്റർ ചെയ്‌തത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ആര്യയുടെ സഹ അധ്യാപികയായിരുന്ന ദേവി, ഭർത്താവ് നവീൻ എന്നിവരെ കോട്ടയം മീനടത്തുനിന്ന് കാണാതായ കാര്യം പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇവർക്കായുള്ള അന്വേഷണം തുടരുന്നതിനിടെയാണ് അരുണാചലിലെ ഹോട്ടൽ മുറിയിൽ മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു എന്നെഴുതിയ കുറിപ്പ് മാത്രമാണ് മൃതദേഹത്തിന് അരികിൽ നിന്ന് പോലീസ് കണ്ടെടുത്തത്. മൂവരുടെയും ശരീരത്തിൽ വ്യത്യസ്‌തമായ മുറിവുകളാണ് ഉണ്ടായിരുന്നത്. മുറിവുകളിൽ നിന്ന് രക്‌തം വാർന്നാണ് മരണം സംഭവിച്ചതെന്നാണ് പോലീസ് പറയുന്നത്. മരിക്കുന്നതിന് മുൻപ് ഇവർ ഇന്റർനെറ്റിൽ മരണാനന്തര ജീവിതത്തെ കുറിച്ച് തിരഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്.
Most Read| എംബസി ആക്രമണം; ഇസ്രയേലിന് ശക്‌തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ