കാസർഗോഡ്: കോടികളുടെ സ്വർണപ്പണയ വായ്പ എടുത്തതിൽ സഹകരണ സംഘം സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ കേസ്. സിപിഎം നിയന്ത്രണത്തിലുള്ള കാസർഗോഡ് കാറഡുക്ക അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് ക്രമക്കേട് കണ്ടെത്തിയത്. അംഗങ്ങൾ അറിയാതെ അവരുടെ പേരിൽ 4.76 കോടി രൂപയുടെ സ്വർണപ്പണയ വായ്പ എടുത്തെന്ന പരാതിയിലാണ് സെക്രട്ടറി കർമംതോടിയിലെ കെ രതീശനെതിരെ കേസെടുത്ത്.
പ്രസിഡണ്ട് ബെള്ളൂർ കിന്നിങ്കാറിലെ കെ സൂപ്പി നൽകിയ പരാതിയിലാണ് നടപടി. രതീശൻ ഒളിവിലാണെന്ന് പോലീസ് പറയുന്നു. ആരോപണത്തിന്റെ പശ്ചാത്തലത്തിൽ സിപിഎം മുള്ളേരിയ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന കെ രതീശനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. പ്രാഥമിക പരിശോധനയിൽ 4,75,99,907 രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. പണയസ്വർണം ഇല്ലാതെയാണ് ഏഴ് ലക്ഷം രൂപവരെ അനുവദിച്ചത്.
ജനുവരി മുതൽ പല തവണകളായാണ് വായ്പകൾ അനുവദിച്ചത്. സഹകരണ വകുപ്പിന്റെ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. വിവരം ഭരണസമിതിയെ അറിയിക്കുകയും കേസ് ഫയൽ ചെയ്യാൻ നിർദ്ദേശം നൽകുകയും ആയിരുന്നു. ഒരാഴ്ചക്കകം മുഴുവൻ പണവും തിരിച്ചടക്കാമെന്ന് സെക്രട്ടറി ചിലരോട് പറഞ്ഞതായും സൂചനയുണ്ട്.
പുറത്തുവന്ന വിവരം അനുസരിച്ച് വളരെ വലിയ തട്ടിപ്പാണ് നടന്നിരിക്കുന്നത്. തട്ടിപ്പിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നേക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സ്വർണപണയം ഇല്ലാതെ തന്നെ പല ആളുകളുടെയും പേരിൽ വായ്പ എടുത്തിട്ടുണ്ട്. മറ്റൊന്ന് പണയം വെച്ച സ്വർണം ഇവിടെ നിന്ന് കടത്തിക്കൊണ്ടു പോയിട്ടുണ്ട്. കൂടാതെ അപെക്സ് ബാങ്ക് നൽകിയ പണം ഇവിടെ നിന്നും മാറ്റിയിട്ടുണ്ട്. ഇത്തരത്തിൽ പലരീതിയിലുമുള്ള തട്ടിപ്പാണ് നടത്തിയിരിക്കുന്നത്.
Most Read| ഗാസയിൽ ഇന്ത്യൻ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു; അപലപിച്ച് യുഎൻ








































