കുറുപ്പന്തറ: മാഞ്ഞൂരിലെ ബീസ ക്‌ളബ് ഹൗസിന് മുന്നിൽ പുറംപോക്കിൽ നിന്നിരുന്ന കൂറ്റൻ പ്ളാവ് പെട്ടെന്ന് കരിഞ്ഞുണങ്ങിയ സംഭവത്തിൽ പ്രതിഷേധിച്ച പരിസ്‌ഥിതി പ്രവർത്തകരും കെട്ടിട ഉടമയും തമ്മിലുണ്ടായ സംഘർഷത്തിൽ കേസെടുത്ത് പോലീസ്.
സമരം ഉൽഘാടനം ചെയ്യാനെത്തിയ പരിസ്‌ഥിതി പ്രവർത്തക പ്രഫ. കുസുമം ജോസഫിന്റെ പരാതിയിൽ, ഹോട്ടൽ ഉടമ ഷാജിമോൻ ജോർജിനെതിരെ കടുത്തുരുത്തി പോലീസാണ് കേസെടുത്തത്. സ്‌ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ അധിക്ഷേപം നടത്തിയെന്ന പരാതിയിലാണ് കേസ്. സമരം ഉൽഘാടനം ചെയ്യാനെത്തിയ തന്നെ ഷാജിമോൻ അധിക്ഷേപിക്കുകയും തള്ളി വീഴ്‌ത്താൻ ശ്രമിക്കുകയും ചെയ്‌തെന്നാണ് കുസുമം ജോസഫിന്റെ പരാതി.
തിങ്കളാഴ്‌ച 11.45ന് മാഞ്ഞൂരിലെ ഹോട്ടലിന് മുമ്പിലാണ് സംഭവം. മുൻപ് ഹോട്ടലിന് പഞ്ചായത്ത് കെട്ടിട നമ്പർ നൽകാത്തതിനെ തുടർന്ന് നടുറോഡിൽ കിടന്ന് സമരം നടത്തുകയും മന്ത്രിതല ഇടപെടലിലൂടെ നമ്പർ സമ്പാദിച്ച് ഹോട്ടൽ ആരംഭിക്കുകയും ചെയ്‌ത പ്രവാസിയാണ് ഷാജിമോൻ ജോർജ്. ഹോട്ടലിന് മുമ്പിൽ പുറമ്പോക്കിൽ നിന്നിരുന്ന പ്ളാവ് പെട്ടെന്ന് ഉണങ്ങി നശിച്ചതാണ് പ്രകൃതി സ്‌നേഹികളുടെ പ്രതിഷേധത്തിന് കാരണം.
ഇത് സംബന്ധിച്ച് പരിസ്‌ഥിതി സംരക്ഷണ സമിതി പോലീസിലും ജില്ലാ കളക്‌ടർക്കും വനംവകുപ്പിനും പഞ്ചായത്തിനും പരാതി നൽകിയിരുന്നു. പ്ളാവ് രാസവസ്‌തു കുത്തിവെച്ച് കരിച്ചത് ഹോട്ടൽ ഉടമ ഷാജിമോൻ ജോർജാണെന്ന് ആരോപിച്ചാണ് പരിസ്‌ഥിതി സംഘടന സമരം നടത്തിയത്. ഹോട്ടലിന് മുമ്പിൽ പരിസ്‌ഥിതി പ്രവർത്തകർ തടയാൻ ഷാജിമോനും സംഘവും ശ്രമിച്ചത് പോലീസ് ഇടപെട്ട് തടഞ്ഞതാണ് ബഹളത്തിൽ കലാശിച്ചത്.
തിങ്കളാഴ്‌ച രാവിലെ മാഞ്ഞൂർ ജങ്ഷനിൽ നിന്നും എൻഎപിഎം സംസ്‌ഥാന ഭാരവാഹി പ്രൊഫ. കുസുമം ജോസഫിന്റെ നേതൃത്വത്തിൽ പ്രകടനമായി പരിസ്‌ഥിതി പ്രവർത്തകർ ഹോട്ടലിന് സമീപം എത്തിയതോടെ ഉടമ ഷാജിമോൻ ജോർജ് സമരക്കാർക്ക് നേരെ പാഞ്ഞടുക്കുകയും ബഹളം വെക്കുകയുമായിരുന്നു. ഷാജിമോൻ പോലീസ് തടയാൻ ശ്രമിച്ചതോടെ ഹോട്ടലിലെ മറ്റു തൊഴിലാളികളും എത്തി. സമരം ഉൽഘാടനം ചെയ്യാനെത്തിയ കുസുമം ജോസഫുമായി വാക്കേറ്റമുണ്ടായി. തുടർന്ന് സമരക്കാർ റോഡിന് മറുവശത്ത് സമരം നടത്തി പിരിയുകയായിരുന്നു.
Most Read| 5ജിക്ക് ചിലവായ തുക തിരിച്ചുപിടിക്കാൻ ടെലികോം കമ്പനികൾ; നിരക്ക് വർധിപ്പിക്കും