ടെഹ്റാൻ: ഇറാൻ പ്രസിഡണ്ട് ഇബ്രാഹീം റഈസി സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപ്പെട്ട വിവരം ആശങ്കാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ ദുഃഖസമയത്ത് ഇന്ത്യ ഇറാൻ ജനതക്കൊപ്പം നിൽക്കുന്നുവെന്നും മോദി എക്സിൽ കുറിച്ചു.
റഈസിക്ക് ഒപ്പമുണ്ടായിരുന്ന ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാൻ, പ്രവിശ്യ ഗവർണർ മാലിക് റഹ്മതി, ഇറാൻ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്ദ് അലി ആലഹഷെം എന്നിവർക്കുമായി പ്രാർഥിക്കുന്നുവെന്നും പ്രധാനമന്ത്രി കുറിച്ചു.
ഇറാൻ- അസർബൈജാൻ അതിർത്തിയിൽ അണക്കെട്ടിന്റെ ഉൽഘാടനം കഴിഞ്ഞു മടങ്ങവെയാണ് റഈസിയുടെ ഹെലികോപ്ടർ വിദൂരവനമേഖലയിൽ അപകടത്തിൽപ്പെട്ടത്. പ്രതികൂല കാലാവസ്ഥ കാരണം രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണെന്നാണ് സർക്കാട് അറിയിച്ചിട്ടുള്ളത്. രക്ഷാപ്രവർത്തനം 12 മണിക്കൂറിലേറെ നീണ്ടിട്ടും റഈസിയെ കണ്ടെത്താൻ കഴിയാത്തത് ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്.
അതിനിടെ രക്ഷാദൗത്യത്തിന് റഷ്യയുടെയും തുർക്കിയുടെയും സഹായം ഇറാന് ലഭിച്ചിട്ടുണ്ട്. പ്രത്യേകം പരിശീലനം ലഭിച്ച സംഘത്തെ സംഭവ സ്ഥലത്തേക്ക് അയച്ചതായി റഷ്യ വ്യക്തമാക്കി. വിവിധ പ്രദേശങ്ങളിലായി നാൽപ്പതിലേറെ സംഘങ്ങളാണ് നിലവിൽ തിരച്ചിൽ നടത്തുന്നത്. അതേസമയം, അപകടസ്ഥലം കണ്ടെത്തിയെന്നും ഉസി ഗ്രാമത്തിനടുത്താണ് ഹെലികോപ്ടർ ഇറക്കിയതെന്നും വിവരമുണ്ട്.
കാൽനടയായി മാത്രമേ ഇവിടേക്ക് എത്താൻ സാധിക്കുകയുള്ളൂ. കനത്ത മഴ പോലും വകവെക്കാതെയാണ് രക്ഷാപ്രവർത്തകർ സ്ഥലത്തേക്ക് സഞ്ചരിക്കുന്നത്. ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇറാൻ പുറത്തുവിട്ടിട്ടില്ല. ഇറാനിലെ ഈസ്റ്റ് അസർബൈജാൻ പ്രവിശ്യയിൽ ജോൾഫിക്കടുത്ത് വനമേഖലയിൽ ഹെലികോപ്ടർ ഇടിച്ചിറക്കേണ്ടി വന്നുവെന്നും വിവരമുണ്ട്. ടെഹ്റാനിൽ നിന്ന് 600 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം.
Most Read| എംപിയെ മർദ്ദിച്ച കേസ്; ബൈഭവ് കുമാറിനെതിരായ തെളിവുകൾ ശക്തമെന്ന് കോടതി