തൃശൂർ: പെരിഞ്ഞനത്ത് ഭക്ഷ്യവിഷബാധയേറ്റ് മരിച്ച കുറ്റിലക്കടവ് സ്വദേശിനി ഉസൈബയുടെ (56) മരണകാരണം മുട്ട ചേർത്ത മയോണൈസ് ആന്നെന്ന് സൂചന. കുഴിമന്തിക്കൊപ്പം മയോണൈസ് നൽകിയിരുന്നു. നേരത്തേയുണ്ടാക്കിയ മയോണൈസ് തീർന്നപ്പോൾ മുട്ട ചേർത്തുണ്ടാക്കിയെന്നാണ് വിവരം. സാമ്പിൾ തേടി അധികൃതർ എത്തിയപ്പോൾ, എല്ലാം വിറ്റ് തീർന്നെന്നാണ് ഹോട്ടലുടമ പറഞ്ഞത്.
അതിനാൽ സാമ്പിൾ എടുക്കാനോ പരിശോധിക്കാനോ സാധിച്ചില്ല. പെരിഞ്ഞനം സെന്ററിന് വടക്ക് ഭാഗത്തുള്ള സെയിൻസ് ഹോട്ടലിൽ നിന്ന് ശനിയാഴ്ചയാണ് കുഴിമന്തി വാങ്ങിയത്. കഴിച്ചതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ടതോടെ ഉസൈബയെ തൃശൂർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ മരിച്ചു.
സെയിൻസ് ഹോട്ടലിൽ നിന്ന് ശനിയാഴ്ച രാത്രി കുഴിമന്തി കഴിച്ച നൂറോളം പേർ വയറിളക്കവും ഛർദിയും മറ്റു അസ്വസ്ഥതകളുമായി ചികിൽസ തേടി. പാർസൽ വാങ്ങിച്ചു കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പെരിഞ്ഞനം, കൈപ്പമംഗലം സ്വദേശികളാണ് ചികിൽസ തേടിയത്. ഇതേ ഹോട്ടലിൽ ആറുമാസം മുമ്പും ഭക്ഷ്യവിഷബാധ ഉണ്ടായി. അന്ന് ഹോട്ടൽ അടപ്പിച്ചെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞിരുന്നു. മുട്ട ചേർത്തുള്ള മയോണൈസിന്റെ ഉൽപ്പാദനവും വിൽപ്പനയും 2023 ജനുവരിയിൽ നിരോധിച്ചിരുന്നു.
Most Read| സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; കൊച്ചിയിൽ വെള്ളക്കെട്ട്- പൊൻമുടി അടച്ചു