കൊച്ചി: ആലത്തൂർ പോലീസ് സ്റ്റേഷനിൽ അഭിഭാഷകനോട് പോലീസ് ഉദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പോലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ജനങ്ങളെ തെറി വിളിക്കാതെ പോലീസിന് പ്രവർത്തിക്കാൻ അറിയില്ലേ എന്ന് ഹൈക്കോടതി ചോദിച്ചു. പോലീസ് സ്റ്റേഷനെ ടെറർ സ്ഥലമാക്കേണ്ട കാര്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹരജി പരിഗണിച്ചുകൊണ്ടായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിമർശനം. എടാ, പോടാ വിളിക്കാതെയും തെറി വിളിക്കാതെയും പോലീസിന് പ്രവർത്തിക്കാൻ അറിയില്ലേ? മോശം വാക്കുകൾ ഉപയോഗിച്ചാൽ ജനങ്ങളെ നിയന്ത്രിക്കാൻ കഴിയുമെന്ന് ആരാണ് പോലീസിനോട് പറഞ്ഞത്? മേലുദ്യോഗസ്ഥനെ അത്തരം വാക്കുകൾ ഉപയോഗിച്ച് വിളിക്കാൻ പോലീസ് തയ്യാറാകുമോയെന്നും കോടതി ചോദിച്ചു.
വാഹനാപകട കേസുമായി ബന്ധപ്പെട്ട് ആലത്തൂർ സ്റ്റേഷനിൽ ഹാജരായ അഡ്വ. അക്വിബ് സുഹൈലിനോടാണ് ആലത്തൂർ എസ്ഐ തട്ടിക്കയറിയത്. സംഭവിക്കാൻ പാടില്ലാത്തതാണ് എസ്ഐയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് സംസ്ഥാന പോലീസ് മേധാവി ഹൈക്കോടതിയെ നേരത്തെ തന്നെ അറിയിച്ചിരുന്നു.
സംഭവത്തിന് പിന്നാലെ പൊതുജനങ്ങളോടുള്ള എടാ പോടാ വിളികൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് മേധാവി വീണ്ടും സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇക്കാര്യം കർശനമായി നടപ്പിലാക്കണമെന്ന് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും പോലീസ് മേധാവി ഹൈക്കോടതിയെ അറിയിച്ചിരുന്നു.
Most Read| കനത്ത മഴ; തലസ്ഥാനം വെള്ളത്തിൽ മുങ്ങി- കളമശേരിയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു





































