ആലപ്പുഴ: ബിജെപിയുടെ വിജയം പ്രവചിച്ചുള്ള എക്സിറ്റ് പോളുകളിൽ വിശ്വാസമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യ സഖ്യം വിജയിക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞതുപോലെ 295 സീറ്റ് നേടും. കേരളത്തിൽ 20 സീറ്റും നേടും. അതിനുള്ള എല്ലാ സാഹചര്യവും ഉണ്ട്. ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
എക്സിറ്റ് പോളുകളിൽ വിശ്വാസമില്ലെന്ന് ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർഥിയായ ഡീൻ കുര്യാക്കോസും പറഞ്ഞു. ഇന്ത്യ സഖ്യം അധികാരത്തിൽ വരും. 2004ൽ എക്സിറ്റ് പോൾ പ്രവചനങ്ങളെ മറികടന്നാണ് കോൺഗ്രസ് അധികാരത്തിൽ വന്നത്. ഇടുക്കിയിൽ യുഡിഎഫ് വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
അതേസമയം, എക്സിറ്റ് പോളുകൾ സംശയാസ്പദമാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പ്രതികരിച്ചു. എല്ലാ മേഖലയിലും ജാഗ്രത ഉണ്ടാവണമെന്ന ഇന്ത്യ മുന്നണിയുടെ നിലപാട് ശരിവെക്കുന്നതാണ് എക്സിറ്റ് പോൾ ഫലമെന്നും ജയരാജൻ പറഞ്ഞു. ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ല. ബിജെപി പറഞ്ഞത് പോലെയുള്ള പ്രവചനമാണ് ഉണ്ടായതെന്നും ജയരാജൻ പറഞ്ഞു.
Most Read| കെജ്രിവാൾ തിരികെ ജയിലിലേക്ക്








































