കൊച്ചി: കൊച്ചിയിലെ വെള്ളക്കെട്ടിലും, കാനകളുടെ ശുചീകരണത്തിലും രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കാനകൾ ശുചീകരിക്കുന്നതിൽ പറഞ്ഞു മടുത്തുവെന്നും, ഇനിയും ന്യായം പറഞ്ഞുകൊണ്ടിരിക്കാതെ മാലിന്യവും കാനകളിലെ ചെളിയും നീക്കുന്നത് അടക്കമുള്ള ജോലികൾ വേഗത്തിൽ പൂർത്തിയാക്കാനും ഹൈക്കോടതി നിർദ്ദേശം നൽകി.
അവസാന നിമിഷമാണോ കാര്യങ്ങൾ ചെയ്യുന്നതെന്നും, ഒരു മാസ്റ്റർ പ്ളാൻ വേണ്ടേയെന്നും ഹൈക്കോടതി ചോദിച്ചു. തൊടുന്യായങ്ങൾ പറഞ്ഞത് കൊണ്ട് കാര്യമില്ല. ഒരു മഴ പെയ്താൽ തന്നെ കൊച്ചിയിലെ ജനം ദുരിതത്തിലാണ്. കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ നാളെ വോട്ടെണ്ണൽ ആണെന്ന് കരുതി മാറ്റിവെക്കരുതെന്നും കോടതി വ്യക്തമാക്കി.
കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹരജികളിൽ വാദം കേൾക്കുന്നതിനിടെയാണ് അധികൃതരുടെ അലംഭാവവും ജനങ്ങളുടെ നിസ്സാഹായതയും ചൂണ്ടിക്കാട്ടി ഹൈക്കോടതി രൂക്ഷവിമർശനം നടത്തിയത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ചാണ് ഹരജികൾ പരിഗണിച്ചത്. ഹരജികൾ വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
കഴിഞ്ഞവർഷം ഭേദപ്പെട്ട രീതിയിൽ മഴക്കാലപൂർവ മാലിന്യനീക്കം നടന്നിരുന്നു. അതേ മാതൃകയിൽ ഇത്തവണയും ഉണ്ടാകുമെന്നാണ് കരുതിയത്. എന്നാൽ, അത് നടപ്പായില്ല. ഇപ്പോഴാണ് ആ ജോലികൾ നടന്നുവരുന്നത്. മഴ മാറി നിൽക്കുന്ന സാഹചര്യത്തിൽ അതൊരു അവസരമായി കണ്ട് എത്രയും വേഗം ജോലികൾ പൂർത്തിയാക്കണം. നാളെ വോട്ടെണ്ണലാണ് എന്നുകരുതി ഈ ജോലികൾക്ക് മുടക്കം ഉണ്ടാകരുതെന്നും കോടതി അറിയിച്ചു.
ജനങ്ങൾ ജലാശയങ്ങളിലും മറ്റും മാലിന്യം വലിച്ചെറിയുന്നതിന് എന്തെങ്കിലും കുറവുണ്ടോ? ഒന്നുമില്ല. ഒരു വിധത്തിലുള്ള കരുതലും ഇക്കാര്യത്തിൽ ജനങ്ങൾക്കില്ല. എന്നിട്ട്, പരാതി പറയും. മാലിന്യം വലിച്ചെറിയുന്നതിനെതിരെ നടപടികൾ ഉണ്ടാകണം. വ്യക്തിയോ സ്ഥാപനമോ ആകട്ടെ, മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കോർപ്പറേഷൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. ഇക്കാര്യത്തിൽ ഉന്നതാധികാര സമിതിക്ക് കോർപ്പറേഷൻ റിപ്പോർട് നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
Most Read| ഡെൽഹിയിൽ രണ്ടാംനിര നേതൃത്വം; ചുമതലകൾ കൈമാറി അരവിന്ദ് കേജ്രിവാൾ







































