തിരുവനന്തപുരം: കഴിഞ്ഞ മാസം 28ന് പെയ്ത കനത്ത മഴയിൽ കൊച്ചി നഗരത്തെ മുക്കിയത് മേഘവിസ്ഫോടനം തന്നെയെന്ന് സ്ഥിരീകരിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തൃക്കാക്കരയിലെ കുസാറ്റ് ക്യാമ്പസിലുള്ള മഴമാപിനിയിൽ അന്നേ ദിവസം ഒരുമണിക്കൂറിൽ രേഖപ്പെടുത്തിയത് 103 മില്ലീമീറ്റർ മഴയാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇവിടെ നിന്ന് ഒരു കിലോമീറ്റർ അകലെ കളമശേരിയിൽ ഐഎംഡി സ്ഥാപിച്ചിട്ടുള്ള മഴമാപിനിയിൽ ഇതേസമയം മണിക്കൂറിൽ 100 എംഎം മഴയാണ് രേഖപ്പെടുത്തിയത്. ഈ സാഹചര്യത്തിൽ അന്നത്തേത് മേഘവിസ്ഫോടനമായി കണക്കാക്കുകയാണെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. മേയ് 28ന് കളമശേരിയിൽ പെയ്ത കനത്ത മഴയെ തുടർന്ന് കൊച്ചി നഗരമാകെ വെള്ളക്കെട്ടിലായിരുന്നു.
കൊച്ചിയിൽ ഉണ്ടായത് മേഘവിസ്ഫോടനമാണെന്ന് കുസാറ്റിലെ അസോ.പ്രൊഫസർ എസ് അഭിലാഷ് അന്നുതന്നെ വ്യക്തമാക്കിയിരുന്നു. ശേഷമാണ് ഇത് സ്ഥിരീകരിച്ചുകൊണ്ട് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം എത്തുന്നത്. കൊച്ചി നഗരസഭാ മേഖലയിലും തൃക്കാക്കര, കളമശേരി, തൃപ്പുണിത്തുറ മുനിസിപ്പാലിറ്റികളിൽ ഉള്ളവരെയുമാണ് മഴ ഏറെ ബാധിച്ചത്.
കുറഞ്ഞ സമയത്തിനകം ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയാണ് മേഘവിസ്ഫോടനം. മണിക്കൂറിൽ 100 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിച്ചാൽ അതിനെ മേഘവിസ്ഫോടനമെന്ന് പറയാം. മേഘങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വലുപ്പമേറിയ കുമുലോ നിംബസ് മഴമേഘങ്ങളാണ് മേഘവിസ്ഫോടനമുണ്ടാക്കുന്നത്.
Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!