തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് സ്വർണവില പവന് 1520 രൂപ കുറഞ്ഞ് 52,560 രൂപയിലെത്തി. ഗ്രാമിന് 190 രൂപ കുറഞ്ഞ് വില 6570 രൂപയായി. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ദിവസം വില ഇത്രയും കുറയുന്നത്. ഇതിന് മുൻപ് ഗ്രാമിന് 150 രൂപവരെ (പവന് 1200 രൂപ വരെ) ഇടിഞ്ഞിട്ടുണ്ട്.
18 കാരറ്റ് സ്വർണവില ഗ്രാമിന് 150 രൂപ കുറഞ്ഞ് 5470 രൂപയിലെത്തി. കരുതൽ സ്വർണ ശേഖരത്തിലേക്ക് തുടർച്ചയായി 18 മാസം സ്വർണം വാങ്ങിക്കൂട്ടിയ ചൈന, പൊടുന്നനെ വാങ്ങൽ അവസാനിപ്പിച്ചതും യുഎസിൽ സാമ്പത്തിക സ്‌ഥിതി മെച്ചപ്പെടുന്നതുമാണ് സ്വർണവില താഴേക്ക് നയിച്ചത്.
യുഎസിൽ കഴിഞ്ഞ മാസം പുതിയതായി 2.72 ലക്ഷം തൊഴിലുകൾ സൃഷ്‌ടിക്കപ്പെട്ടു. 1.85 ലക്ഷം പുതിയ തൊഴിലുകളായിരുന്നു പ്രതീക്ഷിച്ചിരുന്നത്. രാജ്യാന്തര സ്വർണവില ഇതോടെ ഔൺസിന് 83 ഡോളർ ഇടിഞ്ഞു 2,293 ഡോളറിലെത്തി. ഇത് ഇന്ത്യയിലും വില താഴാൻ വഴിയൊരുക്കി.
മേയ് 20ന് കുറിച്ച, ഗ്രാമിന് 6890 രൂപയും 55,120 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും ഉയർന്ന വില. അന്ന് മൂന്ന് ശതമാനം ജിഎസ്‌ടി, 45 രൂപയും അതിന്റ 18 ശതമാനം പണിക്കൂലി എന്നിവ ചേർത്ത് 59,000 രൂപയ്‌ക്കടുത്ത് നൽകിയായിരുന്നു കേരളത്തിൽ ഒരുപവൻ സ്വർണം വാങ്ങിയിരുന്നത്. ഇന്ന് വിലയിടിഞ്ഞതോടെ 56,900 രൂപ കൊടുത്താൽ മതിയാകും.
Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!