ശ്രീനഗർ: ജമ്മു കശ്‌മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കശ്‌മീരിലെ ദോഡയിലാണ് ഭീകരാക്രമണം നടന്നത്. സൈനിക പോസ്‌റ്റിന് നേരെ ഭീകരർ വെടിയുതിർക്കുക ആയിരുന്നു. ദോഡയിലെ ഛട്ടാർഗാല മേഖലയിലെ പോലീസ്, രാഷ്‌ട്രീയ റൈഫിൾസ് സംയുക്‌ത പോസ്‌റ്റിന് നേരെയാണ് വെടിവെപ്പ് ഉണ്ടായത്. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു.
ഒരു നാട്ടുകാരനും അഞ്ച് സൈനികർക്കും പരിക്കേറ്റതായാണ് വിവരം. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണെന്ന് ജമ്മു അഡീഷണൽ ജനറൽ ഓഫ് പോലീസ് ആനന്ദ് ജെയിൻ പറഞ്ഞു. ജമ്മു കശ്‌മീരിൽ മൂന്ന് ദിവസത്തിനിടെ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്.
കത്വ ജില്ലയിൽ ഒരു ഭീകരൻ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സംഭവത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് ദോഡ ജില്ലയിൽ വെടിവെപ്പുണ്ടായത്. മൂന്ന് ദിവസം മുൻപ് തീർഥാടകർ സഞ്ചരിച്ച ബസിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടിരുന്നു.
ജമ്മുവിലെ റിയാസി ജില്ലയിലാണ് ഈ ഭീകരാക്രമണം നടന്നത്. തീർഥാടകരുടെ വാഹനത്തിന് നേരെയാണ് ഭീകരർ വെടിയുതിർത്തത്. വെടിവെപ്പിനെ തുടർന്ന് നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. യുപി സ്വദേശികളായ ഒമ്പത് പേരാണ് മരിച്ചത്. വാഹനത്തിന്റെ ഡ്രൈവർ ഉൾപ്പടെ നാലുപേർ മരിച്ചത് വെടിയേറ്റാണ്. സംഭവത്തിൽ പാക് ബന്ധമുണ്ടെന്ന സംശയത്തിലാണ് പോലീസ്. അതിർത്തി കടന്നെത്തിയ മൂന്ന് ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് സംശയിക്കുന്നത്.
Most Read| പൊതുസ്‌ഥലത്തെ യുഎസ്ബി ഫോൺ ചാർജിങ് പോർട്ടുകൾ ഉപയോഗിക്കരുത്; മുന്നറിയിപ്പ്