കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ മലയാള ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ നിർമാതാക്കളിൽ ഒരാളായ സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇഡിയുടെ കൊച്ചിയിലെ ഓഫീസിൽ കഴിഞ്ഞ ദിവസമായിരുന്നു ചോദ്യം ചെയ്യൽ. വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് സൗബിനെ അറിയിച്ചെന്നാണ് വിവരം.
സിനിമയുടെ സാമ്പത്തിക വിജയത്തിന്റെ മറവിൽ കള്ളപ്പണം വെളിപ്പിച്ചെന്ന പരാതിയെ തുടർന്നാണ് പ്രാഥമിക തെളിവ് ശേഖരണത്തിന് ശേഷം ഇഡി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. സിനിമയുടെ വിതരണക്കാരൻ കെ സുജിത്തിനെയും മറ്റൊരു നിർമാതാവ് ഷോൺ ആന്റണിയെയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കൾ ഗുരുതര സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പോലീസിന്റെ അന്വേഷണ റിപ്പോർട് പുറത്തുവന്നിരുന്നു. ചിത്രത്തിന്റെ നിർമാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ ലാഭവിഹിതമോ മുടക്കുമുതലോ നൽകാതെ വഞ്ചിച്ചെന്നാണ് പരാതി. ആലപ്പുഴ അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ ആണ് പരാതി നൽകിയത്.
എറണാകുളം മരട് പോലീസ് നടത്തിയ അന്വേഷണ റിപ്പോർട്ടാണ് ഹൈക്കോടതിയിൽ സമർപ്പിച്ചത്. ആദ്യം പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തുകയും പിന്നീട് ഇതുമായി ബന്ധപ്പെട്ട ബാങ്ക് രേഖകൾ പോലീസ് ശേഖരിക്കുകയും ചെയ്തു. ഇതിൽ ചിത്രത്തിന്റെ നിർമാതാക്കൾ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് വ്യക്തമായത്.
ഏഴ് കോടി രൂപയാണ് സിറാജ് സിനിമക്കായി നിക്ഷേപിച്ചത്. 22 കോടിയാണ് ചിത്രത്തിന്റെ ആകെ മുടക്കുമുതലെന്നാണ് ഇവർ പരാതിക്കാരനെ ആദ്യം ധരിപ്പിച്ചത്. എന്നാൽ, 18.65 കോടി മാത്രമായിരുന്നു നിർമാണ ചിലവ്. ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്നും നിർമാതാക്കൾ തെറ്റിദ്ധരിപ്പിച്ചു. ഒരു രൂപ പോലും മുടക്കാത്ത നിർമിതാക്കൾ പരാതിക്കാരന് പണം തിരികെ നൽകിയില്ല. പറവ ഫിലിം കമ്പനി നടത്തിയത് കരുതിക്കൂട്ടിയുള്ള ചതിയാണെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
Most Read| നിയമപാലകരെന്ന വ്യാജേന പണം തട്ടൽ; ജാഗ്രത വേണമെന്ന് പോലീസ് മുന്നറിയിപ്പ്