ന്യൂഡെൽഹി: ലോക്സഭയുടെ പ്രോ ടേം സ്പീക്കറായി കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷിനെ തിരഞ്ഞെടുക്കുകയും, പിന്നാലെ ഒഴിവാക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ഏഴ് തവണ എംപിയായ ബിജെപി നേതാവ് ഭർതൃഹരി മഹ്താബിനെയാണ് പ്രോ ടേം സ്പീക്കറായി നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നത്.
മുൻ ബിജെഡി നേതാവായ മഹ്താബ് ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് ബിജെപിയിൽ ചേർന്നത്. നിലവിൽ ലോക്സഭയിലെ അംഗവും എട്ട് തവണ എംപിയുമായ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷിനെ ഒഴിവാക്കിയാണ് രാഷ്ട്രപതി ദ്രൗപതി മുർമു വിജ്ഞാപനം പുറപ്പെടുവിച്ചത്. ഒഡിഷ മുൻ മുഖ്യമന്ത്രി ഹരേകൃഷ്ണ മഹ്താബിന്റെ മകനായ ഭർതൃഹരി മഹ്താബ് 1998 മുതൽ ഒഡിഷയിലെ കട്ടക് മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്.
ജൂൺ 24ന് ലോക്സഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞക്കും 26ന് സ്പീക്കർ തിരഞ്ഞെടുപ്പിനും മഹ്താബ് മേൽനോട്ടം വഹിക്കും. മഹ്താബിനെ സഹായിക്കാൻ കൊടിക്കുന്നിൽ സുരേഷ്, ഡിഎംകെയുടെ ടിആർ ബാലു, ബിജെപിയുടെ രാധാ മോഹൻ സിങ്, ഫഗ്ഗൻ സിങ് കുലസ്തെ, തൃണമൂൽ കോൺഗ്രസിന്റെ സുദീപ് ബന്ദ്യോപാധ്യായ എന്നിവരെ തിരഞ്ഞെടുത്തു.
അർഹതയുള്ള മുതിർന്ന നേതാവായ കൊടിക്കുന്നിലിനെ പ്രോ ടേം സ്പീക്കറാക്കാതിരുന്നതിനെ കോൺഗ്രസ് നേതാക്കൾ വിമർശിച്ചു. കേന്ദ്ര സർക്കാർ കീഴ്വഴക്കം ലംഘിച്ചതായും 2014ൽ പോലും കോൺഗ്രസിലെ മുതിർന്ന എംപി കമൽനാഥിനെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തിരുന്നുവെന്നും കൊടിക്കുന്നിൽ ദേശീയ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
Most Read| ബിഹാർ പിന്നാക്ക സംവരണം; 65 ശതമാനമാക്കാനുള്ള തീരുമാനം റദ്ദാക്കി ഹൈക്കോടതി