തിരുവനന്തപുരം: അവയവക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് പരാതികൾ ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. അവയവക്കടത്ത് മാഫിയയുമായി എറണാകുളത്തെ രണ്ട് സ്വകാര്യ ആശുപത്രികൾക്ക് ബന്ധമുണ്ടെന്ന മലപ്പുറം സ്വദേശിയുടെ പരാതിയും തിരുവനന്തപുരത്ത് അനധികൃത അവയവമാറ്റ ശസ്ത്രക്രിയ നടത്തിയെന്ന മറ്റൊരു പരാതിയുമാണ് ലഭിച്ചത്.
പരാതികളിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. എറണാകുളം നെടുമ്പാശേരിയിൽ രജിസ്റ്റർ ചെയ്ത കേസിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. ഒളിവിൽ കഴിയുന്ന പ്രധാന പ്രതി മധു ജയകുമാറിനെ കണ്ടെത്താൻ ഇന്റർപോൾ വഴി ബ്ളൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികളിലാണ് പോലീസ്. 13 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. തിരുവനന്തപുരത്തെ കേസിൽ പൂജപ്പുര പോലീസ് പ്രാഥമിക അന്വേഷണം നടത്തുകയാണെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
രാജ്യാന്തര അവയവക്കടത്തിന് വേണ്ടിയുള്ള മനുഷ്യക്കടത്തിൽ ഉൾപ്പെട്ടത് 50 പേരടങ്ങുന്ന സംഘടിത കുറ്റവാളി സംഘമെന്ന് റിപ്പോർട്. രണ്ടു മലയാളികളും ആന്ധ്ര സ്വദേശിയും ഉൾപ്പടെ സംഘത്തിലെ മൂന്ന് പേരാണ് ഇതുവരെ കേരള പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ബ്രോക്കർമാരായ തൃശൂർ വലപ്പാട് സ്വദേശി സാബിത്ത്, ആലുവ എടത്തല സ്വദേശി സജിത്ത് ശ്യാം, ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏജന്റായ ബല്ലംകൊണ്ട രാമപ്രസാദ് എന്നിവരാണ് അറസ്റ്റിലായത്.
Most Read| ഒടുവിൽ ആഗ്രഹിച്ച സ്കൂളിലെ ‘അഡ്മിഷൻ’ വീട്ടിലെത്തി; അർജുൻ ഇപ്പോൾ ഹാപ്പിയാണ്








































