കൊച്ചി: ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകൾ പുറത്തുവിടാതെ നിർദേശങ്ങൾ നടപ്പിലാക്കാമെന്ന വാദം സംവിധാനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് വുമൻ ഇൻ സിനിമാ കളക്‌ടീവ് (ഡബ്‌ള്യുസിസി). റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ സുതാര്യതയോടെ പുറത്തുവരുന്നത് പുരോഗമനപരമായ നല്ല മാറ്റങ്ങൾ കൊണ്ടുവരുന്നതിന് ഉപകരിക്കുമെന്ന് സംഘടന സമൂഹമാധ്യമത്തിലെ പോസ്‌റ്റിൽ വ്യക്‌തമാക്കി.
സിനിമാ മേഖലയിലെ പ്രശ്‌നങ്ങൾ പഠിക്കുന്നതിന് 2017ലാണ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. 2019ൽ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സർക്കാർ പുറത്തുവിട്ടില്ല. റിപ്പോർട്ട് പുറത്തുവിടണമെന്ന് വിവരാവകാശ കമ്മിഷൻ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. തുറന്നുപറച്ചിൽ നടത്തിയ അതിജീവിതരെ സംരക്ഷിച്ചുകൊണ്ട്, പഠന റിപ്പോർട്ടിലുള്ള നിർദേശങ്ങളും നിലവിൽ സിനിമാ വ്യവസായത്തെ അപകടത്തിലാക്കുന്ന അനീതികളും അസന്തുലിതാവസ്‌ഥയും നിർബന്ധമായും പുറത്തുവരണമെന്ന് സംഘടന ആവശ്യപ്പെട്ടു.
കലാരംഗത്തെ സ്‌ത്രീകളുടെ സുരക്ഷയും ആരോഗ്യവും തൊഴിലും മറ്റും മെച്ചപ്പെടുത്താൻ സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടാണ് പുറത്തു വിടാതിരിക്കുന്നത്. കമ്മിറ്റി പഠിച്ചു കണ്ടെത്തി തയാറാക്കിയ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിടാതിരിക്കാൻ അവ്യക്‌തമായ കാരണങ്ങളാണ് അധികൃതർ ചൂണ്ടിക്കാട്ടിയതെന്ന് സംസ്‌ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവിൽ പരാമർശം.
വിവരാവകാശ കമ്മിഷന്റെ പരാമർശം വന്നതുകൊണ്ടെങ്കിലും അതിജീവിതർക്ക് നീതി ലഭിക്കുമെന്നു പ്രത്യാശിക്കുന്നതായി വുമൻ ഇൻ സിനിമാ കളക്‌ടീവ് പ്രതിനിധികൾ പറഞ്ഞു. ഭാവിയിലെങ്കിലും നിർഭയരായി വിവേചനവും ചൂഷണവുമില്ലാതെ തൊഴിലിടങ്ങളിലേക്ക് തിരിച്ചു പോകാൻ സാധിക്കട്ടെ. 2019 മുതൽ 2024വരെ നീണ്ട നിരാശാജനകമായ നിശ്ബദത ഭേദിക്കുന്ന ഉത്തരവ് ഏറെ പ്രതീക്ഷ നൽകുന്നതായും സംഘടന പറഞ്ഞു.
MOST READ | നിയമപാലകരെന്ന വ്യാജേന പണം തട്ടൽ; ജാഗ്രത വേണമെന്ന് പോലീസ് മുന്നറിയിപ്പ്