കൊച്ചി: എച്ച്ഐവി ബാധിതയായ യുവതിയെ കെയർഹോമിലെ ജനലിൽ കെട്ടിയിട്ട് മർദ്ദിച്ച കേസിൽ നടത്തിപ്പുകാരായ മൂന്ന് സ്ത്രീകളടക്കം നാലുപേരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. എറണാകുളം ബിനാനിപുരം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കഴിഞ്ഞവർഷം നവംബർ അഞ്ചിനായിരുന്നു സംഭവം.
കെയർ ഹോമിന്റെ നടത്തിപ്പുകാർ പാലക്കാട് സ്വദേശിയായ 21-കാരിയെ ജനലിൽ കെട്ടിയിട്ട് വടികൊണ്ട് മർദ്ദിക്കുകയായിരുന്നു. യുവതിക്ക് സാരമായി പരിക്കേറ്റിരുന്നു. ഇടുക്കി ഏലപ്പാറ സ്വദേശി ബിൻസി സുരേഷ്, ആലുവ തുരുത്ത് സ്വദേശി കെവി രാജേഷ്, എറണാകുളം കുറുമള്ളൂർ സ്വദേശി ബിന്ദു കുര്യൻ, ഇടുക്കി കുമളി സ്വദേശി സാലി തങ്കച്ചൻ എന്നിവരാണ് കേസിലെ പ്രതികൾ.
അറസ്റ്റിൽ നിന്ന് രക്ഷതേടി പ്രതികൾ നേരത്തെ സെഷൻസ് കോടതിയെ സമീപിച്ചിരുന്നെങ്കിലും മുൻകൂർ ജാമ്യം അനുവദിച്ചിരുന്നില്ല. തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. നിരപരാധികളാണെന്നും തെറ്റായ വിധത്തിൽ കേസിൽപ്പെടുത്തുക ആയിരുന്നെന്നും ഹരജിയിൽ പറയുന്നു.
മർദ്ദനമേറ്റ യുവതി എച്ച്ഐവി ബാധിതയായതിനാൽ പ്രതിരോധശേഷി കുറവാണ്. അസ്ഥിക്ഷയം സംഭവിക്കുന്ന രോഗവുമുണ്ട്. അതിനാലാണ് വേഗം പരിക്കുപറ്റുന്നത്. പ്രോസിക്യൂഷൻ ആരോപിക്കുന്ന വിധത്തിൽ മർദ്ദിച്ചിട്ടില്ല. യുവതി മാനസികമായി ചില അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനാൽ മനോരോഗ ആശുപത്രിയിൽ ഇക്കാര്യങ്ങൾ അറിയിച്ചു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്നും മുൻകൂർ ജാമ്യം അനുവദിക്കണം എന്നുമായിരുന്നു ആവശ്യം.
എന്നാൽ, യുവതിയെ ജനലിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചതിന് എല്ലാ തെളിവുകളുമുണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും വാദിച്ചു. യുവതിയെ മർദ്ദിച്ചിട്ടില്ലെന്ന പ്രതിഭാഗം വാദം ഉൾപ്പടെ വിചാരണയിൽ തെളിയേണ്ടതാണെന്ന് വ്യക്തമാക്കിയ കോടതി, യുവതിക്ക് അസ്ഥിക്ഷയ രോഗമുണ്ടോയെന്ന് പരിശോധിക്കാൻ തൃശൂർ മെഡിക്കൽ കോളേജിനോട് നിർദ്ദേശിച്ചിരുന്നു.
യുവതിയെ പരിശോധിച്ച ഡോക്ടറുടെ റിപ്പോർട് പറയുന്നത്, ഏതെങ്കിലും അസുഖം മൂലമല്ല, മറിച്ച് ആക്രമണം മൂലമാണ് യുവതിക്ക് പരിക്കേറ്റത് എന്നാണ്. ക്രൂരമായി മർദ്ദിച്ചെന്ന് യുവതി അറിയിച്ചതായി ആശുപത്രിയിലെ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റും വ്യക്തമാക്കിയെന്ന് കോടതി ചൂണ്ടിക്കാട്ടി.
Most Read| ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിച്ചു






































