കൊച്ചി: കാട്ടാനശല്യം കൊണ്ട് പൊറുതിമുട്ടിയ മലയാറ്റൂരിലെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത്. രാവിലെ മലയാറ്റൂർ ഇല്ലിത്തോട്ടിൽ കിണറ്റിൽ വീണ ആനക്കുട്ടിയെ തള്ളയാന രക്ഷിച്ച് കൊണ്ടുപോയിരുന്നു. എന്നാൽ, സ്‌ഥലത്ത് തടിച്ചുകൂടിയ തദ്ദേശ പ്രതിനിധികൾ അടക്കമുള്ള നാട്ടുകാർ ഉയർത്തുന്ന പ്രതിഷേധം മണിക്കൂറുകൾ കഴിഞ്ഞിട്ടും തുടരുകയാണ്.
കളക്‌ടർ സ്‌ഥലത്തെത്തി ചർച്ച നടത്തി ഉറപ്പുകൾ നൽകണമെന്നും ജീവനും സ്വത്തും സംരക്ഷിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ജനങ്ങൾ പരാതി പറഞ്ഞാൽ വനംവകുപ്പിന് പരിഹാസവും പുച്ഛവുമാണെന്നും ജനങ്ങളിൽ നിന്ന് വനം സംരക്ഷിക്കാൻ വേലി കെട്ടിത്തിരിച്ച ഉദ്യോഗസ്‌ഥർക്ക് ആനകൾ സ്‌ഥിരമായി നാട്ടിലിറങ്ങുന്നതിൽ തികഞ്ഞ അലംഭാവമാണെന്നും നാട്ടുകാർ ആരോപിക്കുന്നു.
ജീവൻ കൈയിൽ പിടിച്ചാണ് ജീവിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ‘ആന വരുന്നു, ഫോറസ്‌റ്റുകാർ വരുന്നു, ഫോട്ടോ എടുത്തു പോകുന്നു’ ഇതാണ് മലയാറ്റൂരിലെ അവസ്‌ഥ എന്നാണ് പ്രദേശവാസികളുടെ പ്രതികരണം. മുളങ്കുഴി പ്രദേശത്ത് ആറുമാസം മുമ്പും ആന കിണറ്റിൽ വീണിരുന്നു. പ്രശ്‌നപരിഹാരം ഉണ്ടാകുമെന്ന് ഉറപ്പ് നൽകി പോയ ഡിഎഫ്ഒയെയും സംഘത്തെയും പിന്നെ ഈ വഴിക്ക് കണ്ടിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
ജനങ്ങൾ പരാതി പറഞ്ഞാൽ പുച്ഛിച്ചു ചിരിക്കും എന്നതല്ലാതെ പരിഹാരമുണ്ടാകുന്നില്ല. ഇന്നലെ രാത്രി ആന കിണറ്റിൽ വീണിട്ടും വനംവകുപ്പ് ഉദ്യോഗസ്‌ഥർ സ്‌ഥലത്ത് എത്തിയത് രാവിലെ ആരയോടെ മാത്രം. വലിയ തോതിലുള്ള അലംഭാവമാണ് ഉദ്യോഗസ്‌ഥർ കാണിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
Most Read| വെള്ളക്കെട്ട്; കൊങ്കൺ പാതയിലൂടെയുള്ള എല്ലാ ട്രെയിനുകളും വഴിതിരിച്ചുവിടും







































