തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ഇന്ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്. അടുത്ത അഞ്ചുദിവസം മലബാറിലെ വിവിധ ജില്ലകളിൽ ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട് ജില്ലകൾക്ക് ഇന്ന് യെല്ലോ അലർട്ടാണ്. ജൂലൈ 14 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതമായ സ്‌ഥലങ്ങളിലേക്ക് മാറിത്താമസിക്കാനും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീരമേഖലയിൽ കടലാക്രമണം ശക്‌തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കാനും നിർദ്ദേശം നൽകി.
അതിനിടെ, കോട്ടയം ജില്ലയിലെ മണിമലയാറിൽ പ്രളയ മുന്നറിയിപ്പിന്റെ ഭാഗമായുള്ള യെല്ലോ അലർട് പുറപ്പെടുവിച്ചു. പുല്ലക്കയാർ സ്‌റ്റേഷൻ പരിസരത്താണ് കേന്ദ്ര ജല കമ്മീഷൻ യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. മണിമലയാറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ജലക്കമ്മീഷൻ മുന്നറിയിപ്പ് നൽകി.
Most Read| യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്; കൊച്ചി മെട്രോയിൽ രണ്ട് അധിക ട്രെയിനുകൾ