ബെംഗളൂരു: കർണാടകയിലെ അങ്കോള ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ അതീവ ദുഷ്കരം. മണ്ണിടിച്ചിലിൽ റോഡിലേക്ക് വീണ 98 ശതമാനം മണ്ണും നീക്കിയെന്നും, ഇത്രയും തിരഞ്ഞിട്ടും ലോറിയുടെ ഒരു സൂചന പോലും ലഭിച്ചില്ലെന്നും കർണാടക സർക്കാർ വ്യക്തമാക്കി.
അർജുനായി ഇനി ഗംഗാവലി പുഴയിലാണ് തിരച്ചിൽ നടത്തുക. തിരച്ചിലിന് വേണ്ടി കൂടുതൽ അത്യാധുനിക സംവിധാനങ്ങൾ സൈന്യം എത്തിക്കും. പൂനെയിൽ നിന്നും ചെന്നൈയിൽ നിന്നുമായി കൂടുതൽ റഡാറുകൾ അടക്കം കൊണ്ടുവരും. കരയിലും വെള്ളത്തിലും തിരച്ചിൽ നടത്താനാകുന്ന തരം സംവിധാനങ്ങളാകും ഷിരൂരിലേക്ക് നാളെ കൊണ്ടുവരിക.
കുഴിബോംബുകൾ അടക്കം കണ്ടെത്താൻ കഴിയുന്ന ഡീപ് സേർച്ച് മെറ്റൽ ഡിക്ടറ്ററും ഉണ്ടാകും. വലിയ മണ്ണിടിച്ചിൽ ഉണ്ടായ സാഹചര്യത്തിൽ പുഴയിലെ മൺകൂനയിലാകാം ലോറി ഉള്ളതെന്നാണ് സൈന്യത്തിന്റെ നിഗമനം. അതിനാൽ റോഡിൽ ഇനി തിരച്ചിൽ തുടർന്നേക്കില്ലെന്നാണ് വിവരം. ജിപിഎസ് സിഗ്നൽ കിട്ടിയ ഭാഗത്ത് ലോറിയില്ലെന്നാണ് വിവരം.
അതിനാൽ കരയിൽ ലോറി ഉണ്ടാവാൻ സാധ്യത വളരെ കുറവാണെന്നാണ് നിഗമനം. ശേഷിക്കുന്ന മണ്ണ് നീക്കിയാൽ കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ അതിന് തുനിഞ്ഞേക്കില്ല. മണ്ണിടിഞ്ഞ് റോഡിലൂടെ സമീപത്തെ പുഴയിലേക്കാണ് പതിച്ചത്. നേരത്തെ നേവി സംഘം പുഴയിൽ തിരച്ചിൽ നടത്തിയിരുന്നു. രണ്ടു കർണാടക സ്വദേശികളെയും മണ്ണിടിച്ചിലിൽ കാണാതായിട്ടുണ്ട്.
അതേസമയം, രാത്രി തിരച്ചിൽ നടത്തരുതെന്ന് കർശന നിർദ്ദേശമുണ്ട്. കനത്ത മഴ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. വെള്ളത്തിൽ തിരച്ചിൽ നടത്തുക അതീവ സങ്കീർണമാണെന്നും വിദഗ്ധ സഹായം തേടുകയാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. അങ്കോളയ്ക്ക് സമീപം ഷിരൂരിലാണ് കോഴിക്കോട് കക്കോടി സ്വദേശിയായ അർജുൻ ഓടിച്ച ലോറി വൻ മണ്ണിടിച്ചിൽപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 8.30ന് ആയിരുന്നു അപകടം.
Most Read| 50ലേറെ ഭീകരർ അതിർത്തികടന്നു; ജമ്മു കശ്മീരിൽ കമാൻഡോകളെ വിന്യസിച്ച് കേന്ദ്രം







































