കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ ലോറി ഉടമ മനാഫിനെതിരെ കേസെടുത്ത് പോലീസ്. അർജുന്റെ സഹോദരി അഞ്ജുവിന്റെ പരാതിയിലാണ് മനാഫിനെതിരെ ചേവായൂർ പോലീസ് കേസെടുത്തത്. സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചെന്ന വകുപ്പ് ചുമത്തിയാണ് കേസ്.
കുടുംബത്തിന്റെ മാനസികാവസ്‌ഥയും വൈകാരികതയും മനാഫ് മുതലെടുത്തെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. മനാഫിനെതിരെ ആരോപണവുമായി അർജുന്റെ കുടുംബം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കുടുംബത്തിന്റെ വൈകാരികത ചൂഷണം ചെയ്യുകയാണെന്നും 75,000 രൂപവരെ അർജുന് ശമ്പളമുണ്ടെന്ന് പ്രചാരണം നടക്കുന്നതായും അർജുന്റെ കുടുംബം ആരോപിച്ചു.
നാലാമത്തെ മകനായി അർജുന്റെ മകനെ വളർത്തുമെന്ന് പറഞ്ഞത് വേദനിപ്പിച്ചു. അർജുന്റെ പേരിൽ സമാഹരിക്കുന്ന ഫണ്ട് വേണ്ടെന്നും കുടുംബം പറഞ്ഞു. വാർത്താ സമ്മേളനം വിളിച്ചായിരുന്നു അർജുന്റെ കുടുംബത്തിന്റെ പ്രതികരണം. മനാഫും ഈശ്വർ മൽപേയും നാടകം കളിച്ചെന്നും കുടുംബം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയുണ്ടായ സൈബർ അധിക്ഷേപങ്ങൾക്ക് എതിരെയാണ് കുടുംബം കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.
അർജുന്റെ പേരിൽ മനാഫ് യൂട്യൂബ് ചാനൽ ആരംഭിച്ചുവെന്നും പണപ്പിരിവ് നടത്തിയെന്നും കുടുംബം പറഞ്ഞിരുന്നു. ഇതോടെയാണ് കുടുംബത്തിനെതിരെ സൈബർ ആക്രമണം ഉണ്ടായത്. അർജുന്റെ സഹോദരിയുടെ ഭർത്താവ് ജിതിനെതിരെയാണ് രൂക്ഷമായ ആക്രമണം ഉണ്ടായത്. രാഷ്‌ട്രീയ- വർഗീയ ലക്ഷ്യങ്ങളാണ് കുടുംബത്തെ കൊണ്ട് ഇത്തരത്തിലൊരു ആരോപണം ഉന്നയിക്കുന്നവർക്ക് പിന്നിലെന്നതാണ് പ്രധാനമായി ഉയർന്ന ആരോപണം. സംഘപരിവാർ അനുകൂലിയായത് കൊണ്ടാണ് ജിതിൻ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും പ്രചാരണമുണ്ടായി.
അതിനിടെ, പോലീസ് കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി മനാഫ് രംഗത്തെത്തി. മതസ്‌പർദ്ധ വളർത്താൻ ശ്രമിച്ചിട്ടില്ലെന്ന് മനാഫ് പറഞ്ഞു. മതങ്ങളെ കൂട്ടിയോജിപ്പിക്കാനാണ് ശ്രമിച്ചത്. തന്നെ ശിക്ഷിച്ചാലും കുടുംബത്തോടൊപ്പം നിൽക്കുമെന്നും മനാഫ് പ്രതികരിച്ചു. യൂട്യൂബ് ചാനൽ എല്ലാവർക്കും പരിശോധിക്കാം. ഇന്നലെ മാപ്പ് പറഞ്ഞതോടെ എല്ലാം അവസാനിച്ചെന്നാണ് കരുതിയത്. സങ്കടമുണ്ടെന്നും വലിയ മാനസിക സംഘർഷത്തിലാണെന്നും മനാഫ് കൂട്ടിച്ചേർത്തു.
Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ; ഇന്ത്യക്ക് അഭിമാന റെക്കോർഡ്