ബെംഗളൂരു: കർണാടകയിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിലിൽ നിർണായക സൂചന ലഭിച്ചതായി സൈന്യം. ഗംഗാവലി പുഴയിൽ 40 മീറ്റർ മാറി സംശയകരമായ സിഗ്‌നൽ ലഭിച്ചിട്ടുണ്ടെന്നും തിരച്ചിൽ അവസാനിപ്പിച്ച് ഇന്ന് മടങ്ങില്ലെന്നും സൈന്യം വ്യക്‌തമാക്കി.
അർജുന്റെ ലോറി പുഴയിലേക്ക് പതിച്ചിരിക്കാമെന്നാണ് നിഗമനം. ഇക്കാര്യം നാളെ പരിശോധിക്കും. ലോറി ചളിമണ്ണിൽ പൂണ്ട് പുതഞ്ഞ് പോയിരിക്കാനുള്ള സാധ്യത തള്ളക്കളയാനാവില്ലെന്നും സൈന്യം പറയുന്നു. എന്നാൽ, കനത്ത ഒഴുക്കാണ് പുഴയിലുള്ളത്. വെള്ളത്തിൽ ഉപയോഗിക്കാവുന്ന ഫെറിക്‌സ് ലൊക്കേറ്റർ 120– യുവും ഡീപ് സേർച്ച് മൈൻ ഡിറ്റക്റ്ററും ഉപയോഗിച്ചാവും സിഗ്‌നൽ ലഭിച്ച ഭാഗത്ത് തിരച്ചിൽ നടത്തുക.
അർജുനും ലോറിയും കരയിലെ മൺകൂനയ്‌ക്ക് അടിയിലില്ലെന്ന് ഇന്നത്തെ തിരച്ചിലിന്റെ അവസാനം സൈന്യം സ്‌ഥിരീകരിച്ചിരുന്നു. റോഡിൽ മണ്ണിനടിയിൽ ലോറിയുണ്ടെന്ന സംശയത്തിലായിരുന്നു ഇത്രയും ദിവസം പരിശോധന നടത്തിയത്. ഇന്നലെ 98 ശതമാനം മണ്ണും നീക്കിയെന്നും ലോറിയുടെ സാന്നിധ്യമില്ലെന്നും അധികൃതർ സ്‌ഥിരീകരിച്ചിരുന്നു.
Most Read| സംസ്‌ഥാനത്ത് ആദ്യം; അമീബിക് മസ്‌തിഷ്‌ക ജ്വരത്തെ അതിജീവിച്ച് 14 വയസുകാരൻ







































