ഷിരൂർ: കർണാടകയിലെ ഷിരൂരിലെ ഗംഗാവലി പുഴയിൽ ഒരു ട്രക്ക് കണ്ടെത്തിയതായി കർണാടക റവന്യൂ മന്ത്രി കൃഷ്‌ണ ബൈര ഗൗഡ. എക്‌സിലെ പോസ്‌റ്റിലൂടെയാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. ബൂം എക്‌സവേറ്റർ ഉപയോഗിച്ച് ട്രക്ക് ഉടൻ പുറത്തെടുക്കുമെന്നും മന്ത്രി അറിയിച്ചു. കോസ്‌റ്റ്ഗാഡിന്റെ ഹെലികോപ്‌ടർ പുഴയിൽ തിരച്ചിൽ ആരംഭിച്ചു.
ലോറി ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ പുരോഗമിക്കവേയാണ് നിർണായക കണ്ടെത്തൽ. അതേസമയം, അർജുന്റെ വാഹനമാണോയെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും ട്രക്ക് കരയിലേക്ക് എത്തിക്കാനുള്ള നടപടി വേഗത്തിൽ പൂർത്തിയാക്കുമെന്നും കാർവാർ എസ്‌പി പറഞ്ഞു. ഷിരൂരിൽ ശക്‌തമായ കാറ്റും മഴയും തുടരുകയാണ്. ഇത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.
അർജുനായുള്ള തിരച്ചിൽ ഇന്ന് ഒമ്പതാം ദിവസത്തിലേക്ക് എത്തിനിൽകുകയാണ്. ഈ മാസം 16ന് രാവിലെ 8.30ന് ആണ് ഷിരൂർ കുന്നിൽനിന്നു റോഡിലേക്കും പുഴയിലേക്കും മണ്ണിടിഞ്ഞത്. റോഡിൽ മണ്ണിനടിയിൽ ലോറിയുണ്ടെന്ന സംശയത്തിലായിരുന്നു ഇത്രയും ദിവസം പരിശോധന നടത്തിയത്. എന്നാൽ, മണ്ണ് മാറ്റിയുള്ള തിരച്ചിലിൽ ലോറി കണ്ടെത്താനാകാത്തതോടെ തിരച്ചിൽ പുഴയിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.
Most Read| ചന്ദ്രനിൽ വാസയോഗ്യമായ ഗുഹയുണ്ടെന്ന് സ്‌ഥിരീകരണം