വാഷിങ്ടൻ: യുവ ശബ്‌ദങ്ങൾക്ക് ദീപശിഖ കൈമാറാനുള്ള ശരിയായ സമയം വന്നെന്നും, അതുകൊണ്ടാണ് രാജ്യത്തെയും പാർട്ടിയെയും ഒരുമിപ്പിക്കാനായി പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ നിന്ന് പിൻമാറിയതെന്നും യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ. തിരഞ്ഞെടുപ്പിൽ നിന്ന് പിൻമാറിയതിന് ശേഷം ആദ്യമായാണ് ബൈഡൻ ഇക്കാര്യത്തിൽ വിശദീകരണം നൽകുന്നത്.
ബുധനാഴ്‌ച യുഎസ് ഓവൽ ഓഫീസിൽ നടത്തിയ ടെലിവിഷൻ സന്ദേശത്തിലാണ് ബൈഡൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ഉറച്ച നിലപാടുള്ള, കഴിവുള്ളയാളാണ് തനിക്ക് പകരം സ്‌ഥാനാർഥിയാകാൻ തിരഞ്ഞെടുത്ത വൈസ് പ്രസിഡണ്ട് കമല ഹാരിസെന്നും ബൈഡൻ പറഞ്ഞു.
”നിലവിലെ സാഹചര്യത്തിൽ ഏതൊരു പദവിയെക്കാളും പ്രധാനം രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കുക എന്നതാണ്. പുതിയ തലമുറയ്‌ക്ക് ദീപം കൈമാറുകയെന്നതാണ് മുന്നോട്ടുള്ള മികച്ച വഴിയെന്ന് ഞാൻ തീരുമാനിച്ചു. രാജ്യത്തെ ഒന്നിച്ച് നിർത്താനുള്ള മികച്ച മാർഗവും ഇതാണ്”- ബൈഡൻ പറഞ്ഞു. അതേസമയം, ഡെമോക്രാറ്റിക് പാർട്ടിയിൽ ഭിന്നതയില്ലെന്നും സ്വേച്ഛാധിപതികൾ ഭരിച്ച സമയത്തേക്കാൾ ശക്‌തമായ അവസ്‌ഥയിലാണ് യുഎസ് ഉള്ളതെന്നും ട്രംപിനെ ഉന്നംവെച്ച് ബൈഡൻ കൂട്ടിച്ചേർത്തു.
ജൂലൈ 21നാണ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ നിന്ന് പിൻമാറുന്നെന്ന് ജോ ബൈഡൻ പ്രഖ്യാപിച്ചത്. പ്രായാധിക്യവും ആരോഗ്യ പ്രശ്‌നങ്ങളും എതിർ സ്‌ഥാനാർഥി ഡൊണാൾഡ് ട്രംപുമായുള്ള ആദ്യ സംവാദത്തിൽ ദയനീയമായി പിന്നാക്കം പോയതും ബൈഡന് തിരിച്ചടിയായിരുന്നു. കൊവിഡ് മുക്‌തനായി കഴിഞ്ഞ ദിവസം ബൈഡൻ വൈറ്റ്‌ഹൗസിലേക്ക് തിരിച്ചെത്തിയെങ്കിലും തിരഞ്ഞെടുപ്പ് പിൻമാറ്റത്തെ കുറിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല.
തിരഞ്ഞെടുപ്പിൽ നിന്ന് ജോ ബൈഡൻ പിൻമാറിയതോടെയാണ് കമല ഹാരിസിന് മേൽ സമ്മർദ്ദം ശക്‌തമായത്. തനിക്ക് പകരം കമലാ ഹാരിസ് പ്രസിഡണ്ട് സ്‌ഥാനാർഥി ആകണമെന്നാണ് ജോ ബൈഡന്റെ നിർദ്ദേശം. ഇതുവരെ ഒരു വനിത പോലും യുഎസിൽ പ്രസിഡണ്ടായിട്ടില്ല എന്നത് പ്രത്യേകതയാണ്. അടുത്ത മാസം നടക്കുന്ന ഡെമോക്രാറ്റ് പാർട്ടി കൺവെൻഷനിലാണ് പ്രസിഡണ്ട് സ്‌ഥാനാർഥിയെ ഔദ്യോഗികമായി നാമനിർദ്ദേശം ചെയ്യുന്നത്.
Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!