കർണാടക: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് 14ആം ദിവസത്തിലേക്ക്. പൂർണമായും അനുകൂല കാലാവസ്‌ഥ ആണെങ്കിൽ മാത്രമേ ഇന്ന് തിരച്ചിൽ നടക്കൂ. 21 ദിവസം വരെ ഉത്തര കന്നടയിൽ മഴ പ്രവചിച്ചതിനാലാണ് ഗംഗാവലി പുഴയിൽ തിരച്ചിൽ നടത്തുന്നതിൽ പ്രതിസന്ധി.
അർജുനായുള്ള തിരച്ചിൽ നിർത്തരുതെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തിരച്ചിൽ തുടരണം. പെട്ടെന്ന് തിരച്ചിൽ നിർത്തുന്നത് ഉൾക്കൊള്ളാൻ പറ്റുന്നില്ല. കേരള, കർണാടക സർക്കാരുകൾ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും അർജുന്റെ സഹോദരി അഞ്ജു പറഞ്ഞു. തൃശൂരിലെ ഡ്രഡ്‌ജിങ് യന്ത്രത്തിന്റെ ഓപ്പറേറ്റർമാർ ഉടൻ ഷിരൂരിൽ എത്തും.
സ്‌ഥലത്ത് ഡ്രഡ്‌ജിങ് യന്ത്രം അനുയോജ്യമാണോ എന്ന് പരിശോധിക്കും. കാർഷിക സർവകലാശാലയുടെ കീഴിലാണ് ഈ യന്ത്രമുള്ളത്. ഹിറ്റാച്ചി ബോട്ടിൽ കെട്ടി നിർമിച്ചതാണ് അഗ്രോ ഡ്രഡ്‌ജ് ക്രാഫ്റ്റ് മെഷീൻ. കോൾപ്പടവുകളിൽ ചണ്ടിയും ചെളിയും വാരാനാണിത് ഉപയോഗിക്കുന്നത്. കൃഷി വകുപ്പ് വാങ്ങിയ മെഷീന് 18 മുതൽ 24 അടി വരെ താഴ്‌ചയുള്ളിടത്ത് ആങ്കർ ചെയ്യാൻ പറ്റും.
അഗ്രോ ഡ്രഡ്‌ജ് ക്രാഫ്റ്റ് മെഷീനെ കുറിച്ച് ഉത്തര കന്നഡ കളക്‌ടർ കഴിഞ്ഞ ദിവസം തൃശൂർ കളക്‌ടറോട് വിവരങ്ങൾ തേടി. കുത്തൊഴുക്കുള്ള പുഴയിൽ യന്ത്രം പ്രവർത്തിപ്പിക്കാനാവുമോ എന്നത് അനുസരിച്ചാകും തിരച്ചിലിന്റെ ഭാവി. അതിനായാണ് ഓപ്പറേറ്റർമാർ ഷിരൂരിലേക്ക് പോകുന്നത്. അതേസമയം, മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ട ദേശീയപാത-66 ഇന്ന് തുറന്ന് കൊടുത്തേക്കും.
Most Read| സംസ്‌ഥാനത്ത് കനത്ത മഴ തുടരും; വടക്കൻ കേരളത്തിൽ മുന്നറിയിപ്പ്