വയനാട്: ഉരുൾപൊട്ടിയ വയനാട് മുണ്ടക്കൈ, ചൂരൽമല രക്ഷാപ്രവർത്തനം വേഗത്തിലാക്കാനുള്ള നടപടികൾ ആരംഭിച്ചു. താൽക്കാലിക പാലത്തിന്റെ നിർമാണം ഉച്ചയ്ക്ക് തുടങ്ങും. താൽക്കാലിക പാലത്തിന്റെ ഭാഗങ്ങൾ കരമാർഗവും ഹെലികോപ്ടറിലും എത്തിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
85 അടി നീളമുള്ള പാലമാണ് നിർമിക്കുക. ചെറിയ മണ്ണുമാന്തി ഉൾപ്പടെ പോകാനാവും. മഴ മാറി നിൽക്കുന്നത് ആശ്വാസം നൽകുന്നുണ്ടെന്നും, പുഴയിലെ ഒഴുക്ക് കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. മുണ്ടക്കൈ പാലം ഒലിച്ചുപോയി യാത്രാമാർഗം അടഞ്ഞതാണ് ഇന്നലെ രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയത്. ഉരുൾപൊട്ടലുണ്ടായി ഏകദേശം 13 മണിക്കൂറിന് ശേഷമാണ് മുണ്ടക്കൈയിലേക്ക് രക്ഷാപ്രവർത്തകർക്ക് കടക്കാനായത്.
താൽക്കാലികമായി ചെറിയ പാലം നിർമിച്ചെങ്കിലും പുഴയുടെ പകുതി വരെ മാത്രമായിരുന്നു നീളം. ബലമുള്ള പാലം നിർമിച്ചാൽ രക്ഷാപ്രവർത്തനം കുറച്ചുകൂടി സുഗമമാകും. മുണ്ടക്കൈ ഭാഗത്ത് അമ്പതിലധികം വീടുകൾ തകർന്നിട്ടുണ്ട്. ഇരുൾപൊട്ടൽ കണ്ടു ഓടിരക്ഷപ്പെട്ട് മുണ്ടക്കൈയിലെ റിസോർട്ടിലും മദ്രസയിലും ഇൻസ്പെക്ഷൻ ബംഗ്ളാവിലും കുന്നിൽ മുകളിലും എത്തിയ നൂറുക്കണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുകയാണ്.
ഉയർന്ന പ്രദേശങ്ങളിൽ കയറി നിൽക്കുന്നവരെ പൂർണമായും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ രാത്രി വൈകിയും കഴിഞ്ഞിരുന്നില്ല. മലവെള്ളത്തിൽ വന്നടിഞ്ഞ വൻ മരങ്ങൾക്കിടയിലും ആളുകൾ ഉണ്ടെന്ന് സംശയിക്കുന്നു. മുണ്ടക്കൈ കേന്ദ്രീകരിച്ചാകും രണ്ടാം ദിനത്തെ രക്ഷാപ്രവർത്തനം. നിലവിൽ 191 പേരാണ് വിവിധ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്നത്. വയനാട് ദുരന്തത്തിന്റെ ഭാഗമായി 45 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 3069 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.
രണ്ടാംദിന രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇതുവരെ 153 മരണമാണ് സ്ഥിരീകരിച്ചത്. 89 പേരെ കണ്ടെത്തിയിട്ടില്ല. 143 മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം പൂർത്തിയായി. 83 പേരെ തിരിച്ചറിഞ്ഞു. 191 പേരാണ് ചികിൽസയിൽ ഉള്ളത്. നിലമ്പൂരിൽ 31 മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടമാണ് നടത്തിയത്. ചാലിയാർ പുഴയിൽ നിന്ന് ഇന്ന് മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയിട്ടുണ്ട്. പോത്തുകല്ലിൽ നിന്ന് 60 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
Most Read| ശക്തമായ മഴ; 12 ജില്ലകളിൽ ഇന്ന് അവധി- പിഎസ്സി പരീക്ഷകളും മാറ്റി