കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 175 ആയി. ഇതിൽ 89 പേരെയാണ് തിരിച്ചറിഞ്ഞത്. മലപ്പുറം ജില്ലയിലെ മുണ്ടേരി, പോത്തുകല്ല് ഭാഗങ്ങളിലെ ചാലിയാർ തീരങ്ങളിൽ നിന്ന് ഇന്ന് ഇതുവരെ 15 മൃതദേഹ ഭാഗങ്ങൾ കണ്ടെത്തി. ഇതിൽ നാല് പുരുഷൻമാരും ആറ് സ്ത്രീകളും ഉൾപ്പെടും. നാലുപേരുടെ ശരീരഭാഗങ്ങൾ മാത്രമാണുള്ളത്.
ഒന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയിലാണ്. ഇന്നലെയും ഇന്നുമായി 72 മൃതദേഹങ്ങളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. മേഖലയിൽ തിരച്ചിൽ തുടരുകയാണ്. ഉരുൾപൊട്ടലിൽ 226 പേരെ ഔദ്യോഗിക കണക്ക്. റവന്യൂ വകുപ്പാണ് കണക്ക് പുറത്തുവിട്ടത്. 191 പേരാണ് ചികിൽസയിൽ ഉള്ളത്. മുണ്ടക്കൈയിലെ ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാനായി പട്ടികജാതി വികസന വകുപ്പിന്റെ പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് 50 അംഗ മെഡിക്കൽ സംഘം വയനാട്ടിലേക്ക് പോകും.
കൽപ്പറ്റയിൽ താൽക്കാലിക ആശുപത്രി തുറക്കാനാണ് ശ്രമം. നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരും സംഘത്തിൽ ഉണ്ടാവും. അതിനിടെ, രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി ചൂരൽമലയിൽ വീണ്ടും മഴ പെയ്ത് തുടങ്ങി. രാവിലെ മുതൽ മാറിനിന്ന മഴ നിലവിൽ ശക്തമായി തുടരുകയാണ്. അതിനിടെ, കർണാടക തൊഴിൽവകുപ്പ് മന്ത്രി സന്തോഷ് ലാഡ് വയനാട്ടിലേക്ക് തിരിക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിർദ്ദേശപ്രകാരം ദുരിതാശ്വാസ പ്രവർത്തനത്തിൽ കേരളത്തെ സഹായിക്കാനാണ് മന്ത്രി എത്തുന്നത്.
വയനാട്ടിൽ നാളെ രാവിലെ 11.30ന് സർവകക്ഷി യോഗം ചേരും. മുഖ്യമന്ത്രി പങ്കെടുക്കും. ധനസഹായം ഉൾപ്പടെയുള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കും. ഒമ്പത് മന്ത്രിമാർ നിലവിൽ വയനാട്ടിലുണ്ട്. രണ്ടു ടീമായി പ്രവർത്തനം ഏകോപിപ്പിക്കും. കൺട്രോൾ റൂമുകളിൽ മന്ത്രിമാർ ഉണ്ടാകണമെന്ന് നിർദ്ദേശമുണ്ട്. കൂടുതൽ ഫോറൻസിക് ഡോക്ടർമാരെ നിയോഗിക്കും.
മൈസൂരുവിലേക്ക് യാത്ര ചെയ്യുന്നവർ വയനാട് വഴിയുള്ള യാത്ര ഒഴിവാക്കി ഇരിട്ടി- കൂട്ടുപുഴ റോഡ് വഴി യാത്ര ചെയ്യണമെന്ന് കണ്ണൂർ ജില്ലാ ഭരണകൂടം അറിയിച്ചു. ബംഗാൾ ഗവർണർ സിവി ആനന്ദബോസ് മേപ്പാടിയിൽ എത്തി. ചൂരൽമലയി ബെയ്ലി പാലം നിർമാണം പുരോഗമിക്കുകയാണ്. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈയിലേക്കുള്ള പാലം ഒലിച്ചുപോയതാണ് യാത്രാമാർഗം അടഞ്ഞതും രക്ഷാപ്രവർത്തനം ദുഷ്ക്കരമാക്കിയതും. പാലം നിർമാണം നാളെ പൂർത്തിയാകുമെന്നാണ് സൈന്യം അറിയിക്കുന്നത്.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി







































