വയനാട്: കേരളത്തിന്റെ ഹൃദയം പിടിഞ്ഞ വയനാട്ടിൽ നിന്ന് ജീവന്റെ തുടിപ്പ്. പടവെട്ടിക്കുന്നിൽ നാലുപേരെ സൈന്യം രക്ഷപ്പെടുത്തി. രണ്ടു പുരുഷൻമാരും രണ്ടു സ്‌ത്രീകളുമാണ് രക്ഷപ്പെട്ടത്. ഇതിലൊരു പെൺകുട്ടിക്ക് കാലിന് പരിക്കുണ്ട്. ഇവരെ എയർലിഫ്റ്റ് ചെയ്‌ത് ഹെലികോപ്‌ടറിൽ ആശുപത്രിയിൽ എത്തിക്കും.
വയനാട്ടിൽ നാലാംദിന തിരച്ചിൽ നടത്തുന്നതിനിടെയാണ് ശുഭ വാർത്ത. ഇവർ വീട്ടിൽ കുടുങ്ങുകയായിരുന്നുവെന്ന് സൈന്യം അറിയിച്ചു. ”വീട്ടിൽ കുടുങ്ങി കിടക്കുന്നവരെയാണ് രക്ഷിച്ചത്. നാലുപേരും വീട്ടിനുള്ളിൽ ആയിരുന്നു. മണ്ണിനടിയിൽ ആയിരുന്നില്ല. രക്ഷപ്പെടുത്തിയവരിൽ ഒരാൾക്ക് പരിക്കുണ്ട്. അവരെ സ്‌ട്രെക്ച്ചറിൽ താഴേക്ക് എത്തിക്കും. പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്”- സൈനിക ഉദ്യോഗസ്‌ഥർ പറഞ്ഞു.
മുണ്ടക്കൈ, ചൂരൽമല മേഖലയിൽ ഇന്ന് മുതൽ 40 ടീമുകൾ മേഖല 6 സോണുകളായി തിരിച്ചാണ് തിരച്ചിൽ നടത്തുന്നത്. അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോൺ. മുണ്ടക്കൈ രണ്ടാമത്തെ സോണും. പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാർമല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാർമല അഞ്ചാമത്തെ സോണും പുഴയുടെ അടിവാരം ആറാമത്തെ സോണുമാണ്. ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാവും.
സൈന്യവും എൻഡിആർഎഫും സംസ്‌ഥാന സർക്കാരും വിവിധ സന്നദ്ധ സംഘടനകളും നാട്ടുകാരും സംയുക്‌തമായാണ് തിരച്ചിൽ നടത്തുന്നത്. കാണാതായവരിൽ 29 കുട്ടികൾ ഉണ്ടെന്നാണ് വിവരം. നിലവിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ 2328 പേരാണുള്ളത്. സൈന്യം നിർമിച്ച ബെയ്‌ലി പാലം പ്രവർത്തന സജ്‌ജമായതോടെ രക്ഷാപ്രവർത്തനം വേഗത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Most Read| ദേവേന്ദ്ര ഫഡ്‌നാവിസ് ബിജെപി ദേശീയ അധ്യക്ഷനായേക്കും? അഭ്യൂഹം ശക്‌തം








































