ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ ലോറി ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുനെ കാണാതായിട്ട് ഇന്നേക്ക് ഒരുമാസം. കഴിഞ്ഞ മാസം 16നാണ് അർജുനും തടി കയറ്റിവന്ന ലോറിയും മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായത്. ആദ്യഘട്ടത്തിൽ മന്ദഗതിയിലായിരുന്ന തിരച്ചിൽ കേരളത്തിന്റെ ഇടപെടലിനെ തുടർന്നാണ് ദ്രുതഗതിയിലായത്.
പ്രതികൂല കാലാവസ്ഥയും പ്രതിസന്ധി സൃഷ്ടിച്ചു. പ്രാദേശിക സന്നദ്ധ പ്രവർത്തകനും മുങ്ങൽ വിദഗ്ധനയുമായ ഈശ്വർ മൽപെയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിൽ അർജുൻ ഓടിച്ച ലോറിയിൽ കെട്ടിയിരുന്ന കയർ കണ്ടെത്തിയിരുന്നു. ഈ ഭാഗത്തായിരിക്കും ഇന്നും തിരച്ചിൽ നടത്തുക. തിങ്കളാഴ്ച ഡ്രഡ്ജർ എത്തിക്കുന്നത് വരെ തിരച്ചിൽ നടത്തുക മുങ്ങൽ വിദഗ്ധർ ആയിരിക്കും.
ഉത്തര കന്നഡ ജില്ലാ ഭരണകൂടം അനുമതി നൽകിയാൽ നേവിയുമെത്തും. രാവിലെ ഒമ്പത് മുതലാണ് തിരച്ചിൽ ആരംഭിക്കുക. അർജുന് പുറമെ കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥ് എന്നിവരെയും കണ്ടെത്താനുണ്ട്. അതിനിടെ, കാർവാറിൽ പാലം തകർന്ന് കാളി നദിയിൽ പതിച്ച ലോറി ഒരു ദിവസം നീണ്ട ദൗത്യത്തിനൊടുവിൽ മൽപെയും സംഘവും കഴിഞ്ഞ ദിവസം പുറത്തെടുത്തിരുന്നു.
Most Read| പുഞ്ചിരിമട്ടം അനാഥമാകും; പ്രദേശത്ത് താമസം സുരക്ഷിതമല്ലെന്ന് വിദഗ്ധ സംഘം