കോഴിക്കോട്: ലൈംഗികമായി പീഡിപ്പിച്ചെന്ന യുവാവിന്റെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ കസബ പോലീസ് കേസെടുത്തു. പ്രകൃതിവിരുദ്ധ പീഡനം, ഐടി ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മാങ്കാവ് സ്വദേശിയായ യുവാവാണ് രഞ്ജിത്തിനെതിരെ പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം അന്വേഷണ സംഘം യുവാവിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ‘ബാവൂട്ടിയുടെ നാമത്തിൽ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് രഞ്ജിത്തുമായി യുവാവ് പരിചയത്തിലാകുന്നത്. സിനിമയിൽ അവസരം തേടിയെത്തിയ യുവാവിന് ഹോട്ടലിൽ വെച്ച് ഫോൺ നമ്പർ കൈമാറിയ രഞ്ജിത്ത് പിന്നീട് ബെംഗളൂരുവിൽ വെച്ച് യുവാവിനെ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
നഗ്ന ദൃശ്യങ്ങൾ നടി രേവതിക്ക് അയച്ചുകൊടുത്തെന്നും യുവാവ് ആരോപിച്ചിരുന്നു. സിനിമാ മേഖലയിലെ പീഡനങ്ങളെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് യുവാവിന്റെ മൊഴി രേഖപ്പെടുത്തിയത്.
ബംഗാളി നടി ശ്രീലേഖ മിത്രയുടെ പരാതിയിൽ രഞ്ജിത്തിനെതിരെ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കേസെടുത്തിരുന്നു. കടവന്ത്രയിലെ ഫ്ളാറ്റിൽ വെച്ച് രഞ്ജിത്ത് മോശമായി പെരുമാറിയെന്നും ഈ വിവരം ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫിനെ പിറ്റേ ദിവസം തന്നെ അറിയിച്ചിരുന്നതായും ശ്രീലേഖ പരാതിയിൽ പറയുന്നു.
Most Read| ഇന്നും ശക്തമായ മഴ തുടരും; പത്ത് ജില്ലകളിൽ യെല്ലോ അലർട്- ഇടിമിന്നൽ ജാഗ്രത








































