ന്യൂഡെൽഹി: ഇന്ത്യയെ ആക്ഷേപിക്കാനാണ് രാഹുൽ ഗാന്ധി വിദേശയാത്ര നടത്തുന്നതെന്ന് ബിജെപി. യുഎസ് പര്യടനം നടത്തുന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങാണ് രംഗത്തെത്തിയത്. ആർഎസ്എസിനെതിരായ പരാമർശത്തിന്റെ പേരിലാണ് രാഹുലിനെതിരെ ബിജെപി ആക്രമണം.
”രാജ്യദ്രോഹിക്ക് ഒരിക്കലും ആർഎസ്എസ് എന്താണെന്ന് അറിയില്ല. വിദേശത്ത് ചെന്ന് ഇന്ത്യയെ വിമർശിക്കുന്നവർക്ക് ആർഎസ്എസിനെ മനസിലാകില്ല. ഇന്ത്യയെ ആക്ഷേപിക്കാൻ മാത്രമാണ് രാഹുൽ ഗാന്ധി വിദേശത്ത് പോകുന്നത്. ഇന്ത്യയുടെ മൂല്യങ്ങളിൽ നിന്നും സംസ്കാരത്തിൽ നിന്നുമാണ് ആർഎസ്എസ് ജനിച്ചത്. ആർഎസ്എസിനെ പറ്റി മനസിലാക്കാൻ രാഹുൽ ഗാന്ധിക്ക് ഈ ജൻമം മതിയാകില്ല. പല ജൻമം ജനിക്കണം”- ഗിരിരാജ് സിങ് പറഞ്ഞു.
യുഎസിലെ ടെക്സസിൽ ഇന്ത്യൻ സമൂഹവുമായുള്ള കൂടിക്കാഴ്ചക്കിടെ, ആർഎസ്എസ് ഇന്ത്യയെ ഒറ്റ ആശയത്തിലേക്ക് ചുരുക്കുകയാണെന്നും ബഹുസ്വരതയിലാണ് കോൺഗ്രസ് വിശ്വസിക്കുന്നതെന്നും രാഹുൽ പറഞ്ഞിരുന്നു. വീടുകളിൽ ഭക്ഷണം ഉണ്ടാക്കുകയാണ് സ്ത്രീകളുടെ ജോലിയെന്നാണ് ബിജെപിയും ആർഎസ്എസും കരുതുന്നത്. എല്ലാ മേഖലയിലും സ്ത്രീകൾ നയിക്കട്ടെ എന്നാണ് കോൺഗ്രസിന്റെ ആഗ്രഹം.
ഇന്ത്യയുടെ പ്രധാനമന്ത്രി ഭരണഘടനയെ ആക്രമിക്കുകയാണെന്ന് ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് വ്യക്ത മായെന്നാണ് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്നും രാഹുൽ പറഞ്ഞു. ഭാരത് ജോഡോ യാത്രയാണ് സ്നേഹത്തിന്റെ രാഷ്ട്രീയം അവതരിപ്പിച്ചതെന്നും രാഹുൽ അഭിപ്രായപ്പെട്ടിരുന്നു.
Most Read| കേരളത്തിൽ മിക്കയിടത്തും മഴ തുടരും; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്