തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയതിന്റെ വിവരങ്ങൾ ചോർന്നതിൽ സംഘടനയ്‌ക്ക് അതൃപ്‌തി ഉള്ളതായി റിപ്പോർട്. മുതിർന്ന നേതാവും ജനറൽ സെക്രട്ടറിയുമായ ദത്താത്രേയ ഹൊസബാളെയെ വിവാദത്തിലേക്ക് വലിച്ചിഴച്ചതിലും ആർഎസ്എസ് അസ്വസ്‌ഥരാണ്.
ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ, മുതിർന്ന നേതാവ് റാം മാധവ് തുടങ്ങിയ നേതാക്കളെ അജിത് കുമാർ സന്ദർശിച്ച വിവരം പ്രതിപക്ഷ നേതാവ് വിഡി സതീശന് ചോർത്തി നൽകിയത് ആരാണെന്ന് കണ്ടെത്താൻ അന്വേഷണം നടത്താനാണ് സംഘടനയുടെ തീരുമാനം. പിവി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിന് പിന്നാലെ കൂടിക്കാഴ്‌ചയുടെ വിവരം പുറത്തുവരുന്നതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങൾ ഉണ്ടെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
2023 മേയ് 12 മുതൽ 27 വരെ തൃശൂരിൽ നടന്ന ദ്വിതീയ വർഷ സംഘ് ശിക്ഷാവർഗിനിടെയാണ് ഹൊസബാളെയെ അജിത് കുമാർ കണ്ടത്. പ്രാന്ത പ്രചാരക് എസ് സുദർശനും വിശേഷ് സമ്പർക്ക് പ്രമുഖ് എ ജയകുമാറിനുമാണ് ഇതേക്കുറിച്ച് അറിയാമായിരുന്നത്. ഇവർക്കല്ലാതെ മറ്റാർക്കെങ്കിലും കൂടിക്കാഴ്‌ചയെ കുറിച്ച് അറിയാമായിരുന്നോ എന്നും പരിശോധിക്കും.
ദത്താത്രേയുമായി കൂടിക്കാഴ്‌ച നടത്തിയെന്ന് എഡിജിപിയും ബിജെപി നേതൃത്വവും സമ്മതിച്ചതിന് പിന്നാലെയാണ് റാം മാധവുമായുള്ള കൂടിക്കാഴ്‌ചാ വിവരവും പുറത്തുവന്നത്. എന്നാൽ, ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി നടത്തിയത് സ്വകാര്യ സന്ദർശനം ആയിരുന്നുവെന്നാണ് എഡിജിപിയുടെ വിശദീകരണം.
Most Read| എന്നുമുള്ള ചായയും കാപ്പി കുടിയും നിർത്തിക്കോ! ജാഗ്രത വേണമെന്ന് ഐസിഎംആർ