കോഴിക്കോട്: ഉരുൾപൊട്ടൽ ദുരന്തം വിതച്ച കോഴിക്കോട് ജില്ലയിലെ വിലങ്ങാട് വീണ്ടും ഖനനം തുടങ്ങാൻ നീക്കമെന്ന് പരാതി. വിലങ്ങാട് മലയങ്ങാട് മലയിലെ കമ്പിളിപ്പാറ കരിങ്കൽ ക്വാറിയിലാണ് വീണ്ടും ഖനനം തുടങ്ങാൻ നീക്കം നടക്കുന്നത്. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.
ഉരുൾപൊട്ടി ക്വാറിയിലടിഞ്ഞ കല്ലും മണ്ണും മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് നീക്കം ചെയ്‌ത് തുടങ്ങി. ക്വാറിയിലെ റോഡുകൾ പുനർനിർമിച്ചു വാഹനങ്ങൾ ഉൾപ്പടെ എത്തിച്ചതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. വിലങ്ങാട് ഉരുൾപൊട്ടലിന് പിന്നാലെ ദുരന്തബാധിത മേഖലയായി പ്രഖ്യാപിച്ച വാണിമേൽ പഞ്ചായത്തിലെ 11ആം വാർഡിലെ മലയങ്ങാട് മലയിലാണ് കമ്പിളിപ്പാറ ക്വാറി.
ക്വാറിയുടെ മുകളിലും സമീപത്തുമായി പലയിടത്തും ജൂലൈ മാസത്തിൽ ഉരുൾപൊട്ടി. സമീപത്തെ വീടും തകർന്നു. റോഡും പാലവും തകർന്ന് ദിവസങ്ങളോളം ഒറ്റപ്പെട്ട അവസ്‌ഥയിലായിരുന്നു ഈ പ്രദേശം. ക്വാറിയിൽ വന്നടിഞ്ഞ കല്ലും മണ്ണും തൊഴിലാളികൾ നീക്കം ചെയ്യുകയാണ്. ക്വാറിയിലേക്കുള്ള റോഡും കഴിഞ്ഞ ദിവസം പുനർനിർമിച്ചു.
കഴിഞ്ഞ മാർച്ചിൽ ക്വാറിയുടെ ലൈസൻസ് കാലാവധി അവസാനിച്ചതാണ്. പ്രദേശത്ത് നിന്നും വീടുകളൊഴിഞ്ഞു പോയവർ തിരികെയെത്തും മുൻപ് അനധികൃതമായി ഖനനം തുടങ്ങാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ആദിവാസി കുടുംബങ്ങൾ ഉൾപ്പടെ താമസിക്കുന്ന നിരവധി വീടുകളാണ് ക്വാറിയുടെ താഴ്ഭാഗത്തുള്ളത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് പഞ്ചായത്ത് അധികൃതർ സ്‌ഥലം സന്ദർശിച്ചിരുന്നു. അതേസമയം, ക്വാറി വൃത്തിയാക്കുക മാത്രമാണ് ചെയ്യുന്നതെന്ന വിശദീകരണമാണ് ക്വാറി അധികൃതർ നൽകുന്നത്.
കഴിഞ്ഞ ജൂലൈ 29ന് രാത്രിയാണ് വിലങ്ങാട് ഉരുൾപൊട്ടിയത്. ഒഴുകിപ്പോയ കുമ്പളച്ചോല ഗവ. എൽപി സ്‌കൂൾ റിട്ട. ഹെഡ്‌മാസ്‌റ്റർ കുളത്തിങ്കൽ കെഎ മാത്യുവിന്റെ മൃതദേഹം പിന്നീട് കണ്ടെത്തി. 14 വീടുകൾ പൂർണമായി ഒഴുകിപ്പോയി. 112 വീടുകൾ വാസയോഗ്യമല്ലാതായി. നാല് കടകളും നശിച്ചു. ഉരുട്ടി പാലത്തിന്റെ അപ്രോച്ച് റോഡ്, വാളൂക്ക്, ഉരുട്ടി, വിലങ്ങാട് പാലങ്ങൾ ഉൾപ്പടെ തകർന്നതിൽ 156 ലക്ഷം രൂപയുടെ നഷ്‌ടമാണ് കണക്കാക്കുന്നത്.
Most Read| ജലത്തിൽ തെളിയുന്ന മഴവിൽക്കാഴ്‌ച; ഈ ചതുപ്പുകാട് മനസിന് കുളിർമയേകും