ബെയ്‌റൂട്ട്: ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധ സംഘമായ ഹിസ്ബുല്ലയുടെ മേധാവി ഹസൻ നസ്‌റല്ലയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ഹസൻ നസ്‌റല്ല ഉണ്ടായിരുന്ന സ്‌ഥലം ഇസ്രയേലിന് ചോർത്തിക്കൊടുത്തത് ഇറാൻ പൗരനായ ചാരനെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ലബനൻ തലസ്‌ഥാനമായ ബെയ്‌റൂട്ടിൽ ഹിസ്ബുല്ലയുടെ ഭൂഗർഭ ആസ്‌ഥാനത്തായിരിക്കും ഹസൻ നസ്‌റല്ല ഉണ്ടാവുകയെന്ന വിവരം ഇറാൻ പൗരൻ ഇസ്രയേൽ നൽകിയെന്ന് ഫ്രഞ്ച് ദിനപത്രമായ ‘ലെ പാരീസിയൻ’ അന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ചു റിപ്പോർട് ചെയ്‌തു. ബങ്കറിൽ ഹിസ്ബുല്ലയുടെ ഉന്നത നേതാക്കളുമായി ഹസൻ നസ്‌റല്ല കൂടിക്കാഴ്‌ച നടത്തുമ്പോഴായിരുന്നു ഇസ്രയേൽ ആക്രമണം.
ഈ മാസം 28നാണ് ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേൽ സ്‌ഥിരീകരിച്ചത്. പിന്നീട് ഹിസ്ബുല്ലയും ഇക്കാര്യം ശരിവെച്ചു. 27ന് വൈകിട്ട് മിനിറ്റുകൾക്കുള്ളിൽ 80 ബോബുകളാണ് ഇസ്രയേൽ ഹിസ്ബുല്ല ആസ്‌ഥാനത്തേക്ക് വർഷിച്ചത്. ആറ് പാർപ്പിട സമുച്ചയങ്ങളും ആക്രമണത്തിൽ തകർന്നടിഞ്ഞു. 28ന് രാവിലെയാണ് ഹസൻ നസ്‌റല്ലയുടെയും മറ്റു നേതാക്കളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്.
അതിനിടെ ലബനനിൽ ഇസ്രയേൽ വ്യോമാക്രമണം തുടരുകയാണ്. ഞായറാഴ്‌ച ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 105 പേർ കൊല്ലപ്പെടുകയും 359 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി ലെബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. രണ്ടാഴ്‌ചയിലേറെയായി തുടങ്ങുന്ന ഇസ്രയേൽ ആക്രമണങ്ങളിൽ ഇതിനോടകം 1000ത്തിലധികം പേർ കൊല്ലപ്പെട്ടെന്നും 6000ത്തിലധികം പേർക്ക് പരിക്കേറ്റെന്നുമാണ് ലെബനൻ പുറത്തുവിട്ട കണക്കുകൾ.
Most Read| ജലത്തിൽ തെളിയുന്ന മഴവിൽക്കാഴ്‌ച; ഈ ചതുപ്പുകാട് മനസിന് കുളിർമയേകും